വാഷിങ്ടൺ: കൊവിഡിന് തടയിടാൻ നൈട്രിക് ഓക്‌സൈഡ് പരീക്ഷിക്കാനൊരുങ്ങി ഒരുപറ്റം ആരോഗ്യവിദഗ്ദ്ധർ. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഇതിന് പിന്നിൽ. ന്യൂമോണിയ ബാധിച്ച് ഗുരുതരമായി വെന്റിലേറ്റർ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തിൽ നിന്ന് നിരവധി രോഗികളെ രക്ഷിക്കാൻ നൈട്രിക് ഓക്‌സൈഡിന് കഴിയുമെന്നാണ് വിലയിരുത്തൽ.
നൈട്രിക് ഓക്‌സൈഡിന് ചില കൊറോണ വൈറസുകളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. 2003ലെ സാർസ് വൈറസ് ബാധയുടെ കാലത്ത് നൈട്രിക് ഓക്‌സൈഡ് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാർസ് വൈറസിനെ ഇപ്പോഴത്തെ കൊവിഡിന്റെ മുൻഗാമി എന്ന് വിളിക്കാം.
കൊവിഡിന്റെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഈ വാതകം 20 മുതൽ 30 മിനിട്ടുവരെ ചെറിയ അളവിൽ ദിവസം രണ്ടു തവണ രണ്ടാഴ്ചയോളം സി.പി.എ.പി മെഷീൻ മുഖേന ശ്വസിപ്പിക്കുന്നത് ശ്വാസകേശത്തിലുള്ള വൈറസിനെ നശിപ്പിക്കാൻ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതുവഴി വെന്റിലേറ്റർ ആവശ്യം വരുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനാകും. ലോകത്ത് മിക്ക രാജ്യങ്ങളിലും വെന്റിലേറ്ററുകളുടെ ക്ഷാമം നേരിടുന്നുണ്ട്.
കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർ ജോലിക്ക് ശേഷം 10 മുതൽ 15 മിനിട്ടുവരെ ഈ വാതകം ശ്വസിക്കുന്നത് രോഗം പകരുന്നത് ഒഴിവാക്കാനാകുമെന്നാണ് ഗവേഷകർ കരുതുന്നത്. ഇതിന് കൂടുതൽ പരീക്ഷണങ്ങൾ വേണ്ടി വരുമെന്നാണ് ഗവേഷകർ പറയുന്നത്. നിലവിൽ നൈട്രിക് ഓക്‌സൈഡ് ചികിത്സക്കായി ഉപയോഗിക്കാൻ അമേരിക്കയിൽ അനുമതിയുണ്ട്. പരീക്ഷണങ്ങൾ വിജയിച്ചാൽ അത് കൊവിഡിനെ തടഞ്ഞുനിറുത്താനുള്ള പുത്തൻചുവടുവയ്പാകും.