വെള്ളറട: തേങ്ങാപട്ടണത്തു നിന്ന് മലയോരമേഖലകളിൽ വില്പനയ്ക്ക് കൊണ്ടുവന്ന ഫോർമാലിൻ രാസവസ്തു കലർത്തിയ അഞ്ചുലക്ഷത്തിലേറെ രൂപയുടെ ചൂര മത്സ്യം പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ വെള്ളറടയ്ക്കു സമീപം സി.ഐ എം. ശ്രീകുമാർ, എസ്.ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മീൻ പിടിച്ചെടുത്തത്. നാല് ടൺ വരുന്ന മത്സ്യം കണ്ടെയ്നറിലാണ് കൊണ്ടുവന്നത്. പനച്ചമൂടുള്ള ഒരു മത്സ്യ മൊത്തക്കച്ചവടക്കാരന് കൊണ്ടുവന്നതാണെന്ന് പിടിയിലായ കണ്ടെയ്നറിലെ ജീവനക്കാർ മൊഴിനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മൊത്തക്കച്ചവടക്കാരനെതിരെയും കണ്ടെയ്നർ ഡ്രൈവർ കൊല്ലങ്കോട് കച്ചേരി നട വെട്ടുകാട് വിളയിൽ ജോർളിൻ (32), ക്ളീനർ എന്നിവർക്കെതിരെയും കേസെടുത്തു. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പനച്ചമൂട് പാറവളവിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മീൻ കുഴിച്ചുമൂടി.