തിരുവനന്തപുരം : ഒന്നു തുമ്മിയാലോ ചീറ്രിയാലോ ആശുപത്രിയിലേക്കോടുന്ന മലയാളിയുടെ ശീലം ലോക്ക് ഡൗൺ അപ്പാടെ മാറ്റി. ജലദോഷത്തിന് പോലും സിറപ്പും ഗുളികയും കഴിച്ച് പരിചയിച്ചവർക്ക് മരുന്നില്ലാതെയും അവയെ അതിജീവിക്കാമെന്ന് മനസിലായി.
നിത്യ സന്ദർശകരെ കാണാനേയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ദിവസേന കുറഞ്ഞത് 100 ഒ.പികൾ രജിസ്റ്റർ ചെയ്തിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇപ്പോഴത് 30ൽ താഴെയായി. സ്വകാര്യ ആശുപത്രികളിലും ഇതാണവസ്ഥ.
12 മണിക്കൂറിനിടെ 2000വരെ രോഗികൾ എത്തിയിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ അതിപ്പോൾ 400ൽ താഴെയായി. വിലക്കുറവിൽ മരുന്ന് ലഭിക്കുന്ന കാരുണ്യ ഫാർമസികളിൽ നീണ്ട ക്യൂവും ഇപ്പോഴില്ല. വീടിന് പുറത്ത് ഇറങ്ങുന്നതിന് പോലും കർശനനിയന്ത്രണമായതോടെ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കാനും പലരും തയ്യാറാകുന്നില്ല. ഇപ്പോൾ അടിയന്തര ആവശ്യങ്ങൾക്കാണ് മരുന്നുവാങ്ങൽ.
കൊവിഡ് കാലത്ത് മാത്രമല്ല സാധാരണ സമയങ്ങളിൽ പോലും ആവശ്യമില്ലാതെ ആശുപത്രിയിൽ എത്തുന്നത് നല്ല ശീലമല്ലെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. പലതരം രോഗങ്ങളുമായി എത്തുവരുടെ സംഗമസ്ഥലമാണ് ആശുപത്രികൾ. എത്രയൊക്ക ശുചിത്വം പാലിച്ചാലും രോഗാണുക്കളെ തടയാൻ സാധിച്ചെന്നു വരില്ല.
ടെലിമെഡിസിൻ
തുടരണം
കൊവിഡ് ഭീതി കാരണം, തുടർ ചികിത്സയ്ക്ക് ആശുപത്രിയിൽ നേരിട്ടെത്താതെ ടെലിമെഡിസിൻ വഴി ഡോക്ടറുമായി സംസാരിക്കാനും നിർദേശം ലഭിക്കാനും തുടങ്ങി. ബുദ്ധിമുട്ടുകൾ ഉള്ള രോഗികളെ മാത്രമാണ് ആശുപത്രിയിലെത്താൻ നിർദേശിക്കുന്നത്. കൊവിഡ് കാലം കഴിഞ്ഞാലും ഇത്തരം സംവിധാനങ്ങൾ തുടരാവുന്നതാണ്.
' അനാവശ്യമായി ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് ശീലം മാറ്റാനുള്ള അവസരമാണിത്. സൗജന്യ മരുന്നിനാണ് കൂടുതൽ പേർ എത്തുന്നത്. ഇതിനായി കാരുണ്യപോലുള്ള ഫാർമസികളെ ആശ്രയിക്കാവുന്നതാണ്. തുടർച്ചയായി പനിയും ചുമയും ഒക്കെ ഉണ്ടാകുമ്പോൾ ഡോക്ടറെ സമീപിക്കണം. സ്വയം ചികിത്സ പാടില്ല.'
- ഡോ. സുൻജിത്ത് രവി
വക്താവ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോ.