മാഡ്രിഡ് : കഴിഞ്ഞ ഒരാഴ്ച മരണനിരക്കിൽ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും സ്പെയിനിൽ തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 757 പേർ മരിച്ചതായി സ്പാനിഷ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 743 പേരാണ് സ്പെയിനിൽ മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 14,555 കൊവിഡ് ബാധിതർ ഇതിനോടകം മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,46,690 ആണ്. ആകെ രോഗം ഭേദമായവരുടെ എണ്ണം 48,021 ആയി. മാഡ്രിഡിൽ മാത്രം ഇപ്പോൾ കൊറോണ വൈറസ് ബാധിതരായി 42,450 പേരാണുള്ളത്. 5,586 പേർ മാഡ്രിഡിൽ മരിക്കുകയും ചെയ്തു. സ്പെയിനിലെ യഥാർത്ഥ മരണനിരക്ക് ഔദ്യോഗിക രേഖകളിൽ നിന്നും വളരെ ഉയരത്തിലാണ്.
അതേസമയം, കുടിയേറ്റക്കാർക്കും തൊഴിലില്ലാത്തവർക്കും കാർഷികമേഖലയിൽ ജോലി ചെയ്യാൻ അവസരമൊരുക്കുമെന്ന് സ്പാനിഷ് സർക്കാർ അറിയിച്ചു. നിലവിൽ കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തരം തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സ്പെയിനിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പ് കാലം അടുത്തിരിക്കുകയാണ്. തൊഴിലാളികളുടെ അഭാവത്തിൽ കർഷകർക്ക് വിളവെടുപ്പ് പൂർത്തിയാക്കാനാകില്ലെന്നും ഉത്പാദനം കുറയുന്നതോടെ മാർക്കറ്റുകളിൽ വില കുതിച്ചുയരുമെന്നും സ്പാനിഷ് കൃഷിമന്ത്രി ലൂയിസ് പ്ലനസ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് വിളവെടുക്കുന്ന കാർഷിക വിളകളുടെ മൂന്നിൽ രണ്ട് ഭാഗവും യൂറോപ്യൻ മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കാർഷിക വിളകളുടെ കയറ്റുമതി രാജ്യത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നാണ്. പഴങ്ങളുടെ വിളവെടുപ്പിന് മാത്രമായി ആയിരക്കണക്കിന് വിദേശ തൊഴിലാളികളാണ് സ്പെയിനിൽ ഓരോ സീസണിലും എത്തുന്നത്. സ്ട്രോബറി ഉൾപ്പെടെയുള്ള മിക്കവയുടെയും വിളവെടുപ്പ് അടുത്ത ആഴ്ചകളിൽ തുടങ്ങേണ്ടതുണ്ട്. ഈ സീസണിൽ യൂറോപ്യൻ മാർക്കറ്റുകളിൽ എത്തുന്നതിന്റെ ആകെ 90 ശതമാനം സ്ട്രോബറികളും സ്പെയിനിലെ ഹ്വെൽവ പ്രവിശ്യയിലാണ് ഉത്പാദിപ്പിക്കുന്നത്. 80,000ത്തോളം തൊഴിലാളികളെ ഭക്ഷ്യ ഉത്പാദനമേഖലയിൽ ആവശ്യമായി വരും. ജോലി ഇല്ലാത്തവർക്കും സ്പെയിനിൽ നിയമവിധേയമായി താമസിക്കുന്ന വിദേശികൾക്കും ഇതുവഴി തൊഴിലവസരമുണ്ടാക്കുമെന്നും ലൂയിസ് പ്ലനസ് പറഞ്ഞു.