വെള്ളറട: പുലിയൂർശാലയിൽ റബർ കടയ്ക്കുള്ളിൽ അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും റേഷൻ അരിയും പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടുകൂടിയാണ് വെള്ളറട സി.ഐ എം. ശ്രീകുമാർ, എസ്.ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലിയൂർശാല ബീമ മൻസിലിൽ ഷാഹുൽ ഹമീദ് 61 ന്റെ കടയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടയിലാണ് 35 ലിറ്റർ കൊള്ളുന്ന എട്ടു കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 280 ലിറ്റർ മണ്ണെണ്ണയും നാൽപ്പതുകിലോ റേഷൻ അരിയും പിടികൂടിയത്. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മണ്ണെണ്ണ അമിത വിലയ്ക്ക് വിൽക്കുന്നതായി പരാതുയുണ്ടായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര സിവിൾ സപ്ളൈ അധികൃതരെ വിവരമറിയിച്ചു. റേഷനിംഗ് ഇൻസ് പെക്ടർ അജിത്ത് കുമാർ, ജലജ കുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേസെടുത്തു.