ജിദ്ദ: കൊവിഡ് ബാധിച്ചുള്ള മരണനിരക്കിൽ പുരുഷൻമാരാണ് കൂടുതലെന്ന് അമേരിക്കൻ വൈറ്റ് ഹൗസിലെ കൊറോണ വൈറസ് കോ- ഓർഡിനേറ്റർ ഡോ. ഡെബോറ ബ്രിക്സിനെ ഉദ്ധരിച്ച് ചില റിപ്പോർട്ടുകൾ പുറത്തുവന്നു. സ്ത്രീകളെക്കാൾ ഇരട്ടിയോളം മരണം സംഭവിക്കുന്നത് പുരുഷൻമാരിലാണ്.
ചൈനയിലടക്കം റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് രോഗികളിൽ 65 ശതമാനവും പുരുഷൻമാരും 35 ശതമാനം സ്ത്രീകളുമാണ്. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പുരുഷൻമാരുടെ മരണനിരക്ക് 2.8 രേഖപ്പെടുത്തിയപ്പോൾ സ്ത്രീകളുടേത് 1.7 മാത്രമാണ്. ലോകാരോഗ്യ സംഘടന ഇത്തരത്തിൽ ഒരു കണക്ക് ഔദ്യോഗിമായി പുറത്ത് വിട്ടിട്ടില്ല.
ശ്വസനേന്ദ്രിയങ്ങളെയാണ് കൊവിഡ് ബാധിക്കുന്നത്. അതിനാൽ പുരുഷൻമാരിലെ പുകവലിയാണ് മരണനിരക്ക് കൂടാനുള്ള സാദ്ധ്യതയായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 40 ശതമാനത്തിലധികം പുരുഷന്മാരും പുകവലിശീലമുള്ളവരാണ്. സ്ത്രീകളിൽ 10 ശതമാനത്തിൽ താഴെയും. പുരുഷന്മാരിലെ ഉയർന്ന തോതിലുള്ള പുകവലി ശ്വസനേന്ദ്രീയങ്ങളെ ദുർബലമാക്കുന്നുവെന്നും ഇത് പെട്ടെന്ന് രോഗം പിടിപെടാൻ കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.
സിഗരറ്റ് പിടിച്ച് കൈചുണ്ടുകളിൽ വയ്ക്കുന്നത് കൈയ്യിൽനിന്നും വായിലേക്ക് രോഗം പകരാനുള്ള സാദ്ധ്യതയെ ബലപ്പെടുത്തുന്നവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പുരുഷന്മാരേക്കാൾ ഉയർന്ന പ്രതിരോധശക്തിയുള്ളതുകൊണ്ടാണ് സ്ത്രീകളിൽ പൊതുവേ രോഗ വ്യാപനം കുറവായതെന്നാണ് ന്യൂയോർക്കിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിലെ റിസർച്ച് ഡയറക്ടർ ഡോ. ജാനിനെ ക്ലയിറ്റോൺ പറയുന്നത്. സ്ത്രീകളിലെ സഹജമായ പ്രതിരോധശേഷി വൈറസുകളെ പെട്ടെന്ന് തന്നെ പുറം തള്ളുന്നതിനാലും സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നും വിത്യസ്തമായി എക്സ് ക്റോമസോം അധികമായതിനാലുമാകണം രോഗ പകർച്ചയിലെ ഈ കുറവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.