തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണിൽ മത്സ്യബന്ധന തുറമുഖങ്ങൾ നിശ്ചലമായതോടെ സംസ്ഥാനത്തെ മത്സ്യക്ഷാമം മുതലെടുത്ത് അന്തർ സംസ്ഥാന ലോബികൾ കടൽ മാർഗം വിഷമത്സ്യം എത്തിക്കുന്നു. പോണ്ടിച്ചേരി, തൂത്തുക്കുടി, കുളച്ചൽ, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ഫിഷിംഗ് ബോട്ടുകളിലാണ്, മാസങ്ങൾക്ക് മുമ്പ് പിടിച്ച് വിഷ വസ്തുക്കൾ ചേർത്ത് സൂക്ഷിച്ച മത്സ്യങ്ങൾ കടത്തുന്നത്. ചൂര, അയല, കൊഴിയാള, കൊഞ്ച് തുടങ്ങിയവയാണ് പ്രധാനമായും എത്തുന്നത്.
ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിൽ മത്സ്യക്ഷാമം നേരിടാറുണ്ട്. വേനൽ കടുക്കുന്നതോടെ കടൽ വെള്ളത്തിന്റെ ചൂട് കൂടുന്നതാണ് കേരള തീരത്ത് ഈ സമയം മത്സ്യ ലഭ്യത കുറയാൻ കാരണം. അതിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളുമായപ്പോൾ മത്സ്യക്കടത്തുകാർക്ക് ചാകരയായി.
കേരളത്തിലെ ഓഫ് സീസൺ മുതലെടുക്കാൻ അയൽ സംസ്ഥാന മത്സ്യക്കച്ചവടക്കാരുടെ സംഘം മാസങ്ങൾക്ക് മുമ്പേ വൻതോതിൽ മത്സ്യം അവരുടെ ഗോഡൗണുകളിൽ സംഭരിക്കും. ബെൻസോയിക് ആസിഡും ഫോർമാലിനും മറ്റും കലർത്തി കൂറ്റൻ ഫ്രീസറുകളിലാണ് മത്സ്യം സൂക്ഷിക്കുന്നത്. ഊണിന് മീൻ നിർബന്ധമാക്കി ശീലിച്ച മലയാളികൾ എന്ത് വിലകൊടുത്തും മത്സ്യം വാങ്ങുമെന്ന് ഇവർക്ക് നന്നായറിയാം.
മാസങ്ങൾ പഴക്കമുള്ള മത്സ്യം ഫ്രീസർ സൗകര്യമുള്ള ബോട്ടുകളിൽ തീരത്തെത്തിക്കും. അവിടെന്ന് ചെറു വാഹനങ്ങളിൽ കയറ്റി ഇടറോഡുകളിലെത്തിച്ച് വിറ്റഴിക്കുകയാണ്. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ബോട്ട് അടുക്കാൻ സൗകര്യമുള്ള സ്ഥലങ്ങളിലാണ് എത്തിക്കുന്നത്. ലോക്ക് ഡൗൺ ആയതിനാൽ കടലിൽ ഇപ്പോൾ കാര്യമായ പരിശോധനയില്ലാത്തതും കടത്തുകാർക്ക് സൗകര്യമായി.
'ഓപ്പറേഷൻ സാഗർ റാണി"
പിടിച്ചത് 40,000 കിലോ മീൻ
ലോക്ക് സൗണിനു ശേഷം സംസ്ഥാനത്ത് പഴകിയ മത്സ്യത്തിന്റെ വില്പന വ്യാപകമായതോടെ 'ഓപ്പറേഷൻ സാഗർ റാണി" എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന കർശനമാക്കി. 40,000 കിലോ പഴകിയ മീനാണ് ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത്. വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്നലെ മാത്രം 20,000 കിലോയോളം വിഷമീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. ആറു മാസം പഴക്കമുള്ളതും ഇതിലുണ്ട്.
ഫോർമാലിൻ
ഉള്ളിൽ ചെന്നാൽ
ഫോർമാൽഡിഹൈഡ് വാതകം വെള്ളത്തിൽ ലയിപ്പിച്ചാണ് ഫോർമാലിൻ തയ്യാറാക്കുന്നത്. ശക്തിയേറിയ അണുനാശിനിയാണ്. മെഡിക്കൽ പഠനത്തിനുള്ള മൃതശരീരം കേടുകൂടാതെ സൂക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നു. ഇത് മത്സ്യത്തിൽ ചേർക്കുമ്പോൾ പ്രോട്ടീനുമായി ചേർന്ന് മാംസഭാഗത്തിന് നല്ല ഉറപ്പ് നൽകും. ഫോർമാലിൻ ചേർത്ത മത്സ്യം പതിവായി കഴിച്ചാൽ ദഹനവ്യവസ്ഥ താറുമാറാകും. വായ മുതൽ കുടൽ വരെ വ്രണങ്ങളുണ്ടാകും. ആമാശയ പേശി ചുരുങ്ങും. ഫോർമാലിൻ രക്ത സമ്മർദ്ദവും ഹൃദയസ്പന്ദന വേഗതയും കുറയ്ക്കുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ശ്വാസകോശത്തെ ബാധിച്ച് ചുമ, കഫക്കെട്ട്, മൂക്കൊലിപ്പ് എന്നിവയും കണ്ണിന് ചൊറിച്ചിലുമുണ്ടാക്കും.