കുളത്തൂർ: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൽ വെറുതെയിരിക്കാൻ സുജിത്ത് തയ്യാറായിരുന്നില്ല. എന്ത് ചെയ്യണമെന്ന് ചിന്തിച്ചപ്പോഴാണ് ' വീട്ടിൽ പച്ചക്കറി കൃഷി ചെയ്‌തുകൂടെ ' എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കോലത്തുകര ക്ഷേത്രത്തിന് സമീപം റേഷൻകട നടത്തുന്ന സുജിത്ത് വീട്ടുമുറ്റത്ത് ചീര വിത്ത് പാകിയത്. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ കൃഷിഭവനിൽ നിന്ന് സംഘടിപ്പിച്ച അത്യുത്പാദനശേഷിയുള്ള 'അരുൺ എന്ന ചീര വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്.
ലോക്ക് ഡൗണിൽ ലോക്ക് ആയില്ല
--------------------------------------------------------
കൃഷി പരിപാലനത്തിലൂടെ മാനസിക ഉന്മേഷം നേടുകയെന്നതായിരുന്നു സുജിത്തിന്റെ ലക്ഷ്യം. ലോക്ക് ഡൗൺ കാലയളവിൽ ശുദ്ധമായ പച്ചക്കറിയുണ്ടാക്കി ഉപയോഗിക്കുകയും ചെയ്യാമെന്നും സുജിത്തിന്റെ മനസിലുണ്ടായിരുന്നു. മുറ്റത്തെ ചെറിയ തടസങ്ങെല്ലാം ഒഴിവാക്കി മൺവെട്ടി കൊണ്ട് കൊത്തിയിളക്കി സ്ഥലം പരുവപ്പെടുത്തി. ഇതിനുശേഷമാണ് ചീരവിത്ത് പാകിയത്. രണ്ട് ദിവസം കൊണ്ട് മുളച്ച തൈകൾ പറിച്ചുനട്ടു. തുടർന്ന് രണ്ട് ദിവസം വെള്ളം മാത്രം ഒഴിച്ചുകൊടുത്തു. പിന്നിടുള്ള ആറ് ദിവസത്തെ സുജിത്തിന്റെ നാടൻ വളപ്രയോഗമാണ് ഒരടിയോളം പൊക്കത്തിൽ ചുവന്ന ചീര തഴച്ചുവളരാൻ കാരണം.
പരിചരണം കൃത്യതയോടെ
----------------------------------------
ഓരോ ലിറ്റർവീതം കഞ്ഞിവെള്ളവും തേങ്ങാവെള്ളവും കൂട്ടി കലർത്തിയ മിശ്രിതത്തിൽ പിണ്ണാക്കോ ചെറുപയറോ അല്പം ഉലുവയോ ചേർത്തുണ്ടാക്കുന്ന മിശ്രിതം ഏതാനും ദിവസത്തെ പരുവപ്പെടുത്തലിന് ശേഷം കൂടുതൽ കഞ്ഞി വെള്ളം ചേർത്ത് കൈകൊണ്ടോ സ്‌പ്രെയർ ഉപയോഗിച്ചോ ഒന്നിടവിട്ട് തളിച്ചു. ഇതാണ് ദിവസങ്ങൾക്കുള്ളിൽ മികച്ച വിളവ് നേടാൻ കാരണമെന്നാണ് സുജിത്ത് പറയുന്നത്.
വിറ്റാമിന്റെ കലവറയായ ചീര
---------------------------------------------
വിവിധ തരം ഇലക്കറികൾ നാം കഴിക്കാറുണ്ടെങ്കിലും ചീരയാണ് ഗുണത്തിൽ മുന്നിൽ നിൽക്കുന്നത്. ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. ഫ്‌ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ കാൻസർ രോഗത്തെ പ്രതിരോധിക്കും. എല്ലുകൾക്ക് ബലം കൂട്ടാൻ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന ആൽഫാലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങൾ കൂടിയതോതിൽ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാൻ സഹായിക്കും.
ഫോട്ടോ: സുജിത്ത് വീട്ടിലെ ചീര കൃഷിയിടത്തിൽ