തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ സഹായത്തോടെ കോ‍‍ർപറേഷനിൽ ആരംഭിച്ച ആദ്യ ജനത ഹോട്ടലിൽ രണ്ടു ദിവസം കൊണ്ട് 2900 ഭക്ഷണപ്പൊതികൾ വിറ്റു. ഉദ്ഘാടന ദിവസം 1100 പൊതികളും രണ്ടാം ദിനം 1800 പൊതികളുമാണ് വിറ്റത്. നിരവധി ഫോൺ കാളുകളാണ് ഭക്ഷണത്തിന് വേണ്ടി വിളിക്കുന്നത്. കൂടുതലും ഭക്ഷണപ്പൊതികൾ വീടുകളിൽ കൊണ്ടുപോയി കൊടുക്കുകയാണ്. ആദ്യം 70 വോളന്റിയർമാർ ഭക്ഷണ വിതരണത്തിനായി ഉണ്ടായിരുന്നു എന്നാൽ ആവശ്യക്കാർ കൂടിയതനുസരിച്ച് ഇന്നലെ 170 വോളന്റിയർമാർ ഉണ്ടായിരുന്നു. ഇന്ന് മുതൽ കോർപറേഷനിലെ രണ്ടാമത്തെ ജനത ഹോട്ടലിന് തുടക്കമാകും. പി.എം.ജിയിലെ പ്രിയദർശിനി പ്ളാനറ്റോറിയത്തിലെ കാന്റീനിലാണ് ജനത ഹോട്ടൽ ക്രമീകരിച്ചിരിക്കുന്നത്. കാളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് വരും ദിവസങ്ങളിൽ യുവജന കമ്മിഷന്റെ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി വിതരണം വിപൂലീകരിക്കും. ജനങ്ങളുമായി എളുപ്പം ബന്ധപ്പെട്ട് ഭക്ഷണമെത്തിക്കാൻ കൂടുതൽ നമ്പരുകളും നൽകിയിട്ടുണ്ട്. ഭക്ഷണം ഓർഡർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പരുകൾ - 7034001843 , 7012285498 , 6235740810 , 9061917457 , 7012827903 , 8129016079 , 8921663462