ആറ്റിങ്ങൽ: പൊലീസുകാരെ ആക്രമിച്ച് പരിക്കേല്പിച്ച യുവാവിനെ അറസ്റ്റുചെയ്‌തു. ആറ്റിങ്ങൽ എ.സി.എ.സി നഗർ ശ്യാം നിവാസിൽ ശ്യാംചന്ദാണ് (30) പിടിയിലായത്. എ.സി.എ.സി നഗറിലെ മാർക്കറ്റിൽ പഴകിയ മത്സ്യ വില്പന നടത്തുന്നതറിഞ്ഞെത്തിയ ആറ്റിങ്ങൽ എസ്.ഐ സനൂജും സംഘവും മത്സ്യവില്പന വിലക്കി. പൊലീസിന്റെ താക്കീതനുസരിച്ച് മത്സ്യക്കച്ചവടക്കാർ പോയി. ഇതിനുശേഷം മാർക്കറ്റ് ലേലം പിടിച്ചയാളിന്റെ മകനായ ശ്യാംചന്ദ് പൊലീസുമായി കയർക്കുകയും എസ്.ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടഞ്ഞപ്പോഴാണ് ഡ്രൈവർ ഗിരിഷിനെ ശ്യാം മർദ്ദിച്ചത്. ആക്രമണത്തിൽ ഗിരീഷിന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. ശ്യാംചന്ദിനെ റിമാൻഡ് ചെയ്‌തു.