covid-thailand

കൊവിഡിനെ കുറ്റിയടിച്ച് അതിൽ തളച്ച വിജയഗാഥയാണ് തായ്‌വാന് പറയാനുള്ളത്. കൊവിഡിന്റെ കളിയൊന്നും തായ്‌വാനിൽ നടന്നില്ല. തലപൊക്കിയപ്പോഴെ അടിച്ച് വീഴ്ത്തി ചവിട്ടിക്കൂട്ടി കത്തിച്ചുകളഞ്ഞു. ജനുവരി 25 നാണ് തായ്‌വാനിൽ നാലുപേരിൽ കൊവിഡ് കണ്ടെത്തിയത്. അന്ന് തന്നെ ഓസ്‌ട്രേലിയയും നാല് പേരിൽ രോഗമുണ്ടായി. രണ്ടു രാജ്യങ്ങളിലും ജനസംഖ്യ ഏകദേശം 24 ദശലക്ഷമാണ്. ഇരുവർക്കും ചൈനയുമായി പ്രധാന വ്യാപാര, ഗതാഗത ബന്ധവുമുണ്ട്. പത്ത് ആഴ്ചക്കുള്ളിൽ, ഓസ്‌ട്രേലിയയിൽ അയ്യായിരത്തോളം പേരിലേക്ക് രോഗം പടർന്നു. തായ് വാനിൽ നാന്നൂറോളം പേരിലേക്കും.

അപ്പാേഴേക്കും 20 രാജ്യങ്ങളിൽ ഓസ്‌ട്രേലിയയേക്കാൾ കൂടുതൽ രോഗികളുണ്ടായി. ഏഴ് രാജ്യങ്ങളിൽ പത്തിരട്ടിയിലധികം രോഗികളായി. തായ് വാൻ പഴയ ആവനാഴി പൊടി തട്ടിയെടുത്തു. മുൻപ് സാർസ് എന്ന പകർച്ചവ്യാധി നൽകിയ അനുഭവം തായ് വാനെ കൊവിഡിനെതിരെ പോരാടാൻ പ്രേരിപ്പിച്ചു. 2003 ൽ സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഹോങ്കോംഗിനും തെക്കൻ ചൈനയ്ക്കും ഒപ്പം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് തായ് വാനിലായിരുന്നു. പിന്നെ ചിന്തിച്ചില്ല. കൊവിഡിനെ തളയ്ക്കാൻ അരയും തലയും മുറുക്കി ഇറങ്ങി.

തായ് വാനിലെ നാഷണൽ ഹെൽത്ത് കമാൻഡ് സെന്ററിലെ ഉദ്യോഗസ്ഥർ കൊവിഡിനെതിരെ യുദ്ധം തുടങ്ങി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി അഞ്ച് ആഴ്ചയ്ക്കുള്ളിൽ 124 കർമ്മ പദ്ധതികൾ തായ് വാൻ യുദ്ധവേഗത്തിൽ നടപ്പിലാക്കി. ഭൂപ്രകൃതി, ഗതാഗത ബന്ധങ്ങൾ എന്നിവ വച്ച് ചൈനയുടെ പുറത്തുള്ള ഏറ്റവും അപകടസാദ്ധ്യതയുള്ള പ്രദേശമാണ് തായ് വാൻ. അതുണ്ടാവാതിരിക്കാൻ ചൈനയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള യാത്ര നിരോധിച്ചു. ഹോം ക്വാറന്റൈൻ പ്രഖ്യാപിച്ചു. ലംഘിക്കുന്നവർക്ക് കർശന ശിക്ഷകൾ ഏർപ്പെടുത്തി. മാസ്‌കിന്റെ ഉത്പാദനം വർദ്ധിപ്പിച്ചു. ദ്വീപിലെ ആളുകളിൽ വ്യാപകമായി പരിശോധന നടത്തി. മുമ്പ് ന്യുമോണിയ ബാധിച്ച ആളുകളെ വീണ്ടും പരിശോധിച്ചു. വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പുതിയ ശിക്ഷകൾ പ്രഖ്യാപിച്ചു.

നിയന്ത്രണങ്ങൾ എല്ലാം വളരെ പെട്ടെന്ന് നടപ്പിലായി. ആ യുദ്ധത്തിന് മുന്നിൽ കൊവിഡിന് പിടിച്ച് നിൽക്കാനായില്ല. ചിറകറ്റ് നിലം പരിശാകുന്ന രീതിയിൽ തായ് വാൻ ആഞ്ഞടിച്ചു. ചുട്ടു ചാമ്പാലാകുന്നതുവരെ കൊവിഡിനെതിരെ യുദ്ധം നടത്തിയാണ് തായ് വാൻ വിജയ കാഹളം മുഴക്കിയത്. ഇന്ന് ആ തായ് വാൻ മറ്റ് രാജ്യങ്ങളിലേക്ക് മാസ്ക് ഉണ്ടാക്കി അയച്ച് കൊവിഡിനെ പൊരാതാൻ സഹായിച്ചുകൊണ്ടിരിക്കുന്നു.