bank

തിരുവനന്തപുരം: സംസ്ഥാനത്തെ പതിമ്മൂന്ന് ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങൾക്ക് കൂടി ആയിരം രൂപ വീതം ധനസഹായം നല്കാൻ സർക്കാർ തീരുമാനിച്ചു. വിവിധ ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങൾക്ക് നേരത്തേ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ, മത്സ്യത്തൊഴിലാളികൾക്കും രണ്ടായിരം രൂപ വീതം നല്കാൻ തീരുമാനമായി. ആശ്വാസസഹായ വിതരണത്തിനായി 500 കോടി രൂപ ധനവകുപ്പ് നീക്കിവച്ചു.

സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യമോ ക്ഷേമപെൻഷനോ ലഭിക്കാത്ത ഏതെങ്കിലും കുടുംബമുണ്ടെങ്കിൽ അവർക്ക് 1000 രൂപ വീതം നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. ഇതിന്റെ പട്ടിക സർക്കാർ തയാറാക്കി വരുകയാണ്. വ്യാപാരി വ്യവസായി ക്ഷേമനിധി, ക്ഷേത്ര കലാകാരൻമാർ തുടങ്ങി അവശേഷിക്കുന്ന വിഭാഗങ്ങൾക്ക് സഹായം അനുവദിച്ച് ധവനവകുപ്പ് ഉത്തരവിറക്കും.

പുതുതായി ധനസഹായം അനുവദിച്ച ക്ഷേമനിധികളും അവയിലെ ഗുണഭോക്താക്കളുടെ എണ്ണവും:

വലിയ തോട്ടങ്ങളിലെ തൊഴിലാളികൾ- 65000.

ചെറിയ തോട്ടങ്ങളിലെ തൊഴിലാളികൾ- 16700

പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾ- 3600.

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്- 5,36,000.

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്- 15000.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്- 657176.

കേരള ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് - 91125.

കേരള കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ്- 107564.

കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ്- 125000.

കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്- 130000.

ലോട്ടറി തൊഴിലാളികൾ- (ഏകദേശം) 50000.

മത്സ്യത്തൊഴിലാളികൾ- (ഏകദേശം) 150000.

സ്‌കാറ്റേർഡ് ചുമട്ടു തൊഴിലാളികൾ- 35000.