കല്ലമ്പലം: മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് സൂപ്പർ വൈസർ ജോളി സുകേശിന് ശാന്തിവനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആദരം. ലോകാരോഗ്യ ദിനത്തിലാണ് ആശുപത്രിയിലെത്തി ശാന്തിവനം ഭാരവാഹികൾ ജോളിയെ ആദരിച്ചത്. മേയ് 30ന് ജോലിയിൽ നിന്നും വിരമിക്കുന്ന ജോളി കഴിഞ്ഞ 35 വർഷമായി മണമ്പൂർ, ഒറ്റൂർ, വെട്ടൂർ, ചെറുന്നിയൂർ, ചെമ്മരുതി തുടങ്ങിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജോലി നോക്കുന്നു. ആരോഗ്യ സംബന്ധമായ അസുഖം മൂലം വാക്കിംഗ് സ്റ്റിക്ക് ഉപയോഗിക്കുന്ന ജോളി ആതുര സേവന രംഗത്ത് വേറിട്ട ശൈലിയിലൂടെ രോഗികളുടെ ഹൃദയത്തിൽ ഇടം നേടിയെന്ന് ശാന്തിവനം ചെയർമാൻ ഡോ.പ്രദീപ് ശിവഗിരി പറഞ്ഞു. ശാന്തിവനം പ്രവർത്തകരായ ശിവൻജി, പ്രതീഷ് പാലവിള, സനിൽ ഗോപി തുടങ്ങിയവർ പങ്കെടുത്തു.