തിരുവനന്തപുരം: പഴകിയതും രാസമാലിന്യങ്ങൾ ചേർത്തതുമായ മത്സ്യം വിൽക്കുന്നവർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളടങ്ങിയ ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാനസർക്കാർ തയാറെടുക്കുന്നു. മത്സ്യത്തിന്റെ ഗുണനിലവാരം, വിപണനം, ലേലം തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള കരട് ബില്ലിന് ഫിഷറീസ് വകുപ്പ് രൂപം നൽകിയിട്ടുണ്ട്. ലോക്ഡൗണിന്റെ മറവിൽ വ്യാപകമായി ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയ സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. അടുത്ത മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരാനാലോചിക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.