
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് മന്ത്രിസഭായോഗം ചർച്ചയ്ക്കെടുത്തെങ്കിലും അന്തിമ തീരുമാനം മാറ്റി. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ ധരിപ്പിച്ചെന്ന് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും നിലപാട് വ്യക്തമായ ശേഷം അന്തിമ തീരുമാനം മതിയെന്നാണ് ധാരണ. കഴിഞ്ഞ മാസത്തെ ശമ്പളം കൊടുത്തു. അടുത്ത ശമ്പളത്തിന് ഇനി ഏറെ നാൾ ശേഷിക്കുന്നുമുണ്ട്. 13ന് ചേരുന്ന മന്ത്രിസഭായോഗം വിഷയം ചർച്ച ചെയ്യും.
അതേസമയം, ലോക്ക് ഡൗണിനെ തുടർന്ന് വരുമാനമാർഗങ്ങൾ നിലച്ചതിനാൽ ഈ മാസത്തെ ശമ്പളം കൊടുക്കാൻ പണമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ പറഞ്ഞു. ഒരു വരുമാന മാർഗവുമില്ലാത്ത സ്ഥിതിയാണ്.