തിരുവനന്തപുരം: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാജസ്ഥാനിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. അവിടെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 60 ശതമാനം ഡെഫർ ചെയ്തു. ഡെഫർ എന്നാൽ ശമ്പളം കട്ട് ചെയ്തുവെന്നല്ല, പിടിക്കുന്ന ശമ്പളം പിന്നീട് കൊടുക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രളയകാലത്തെ സാലറി ചലഞ്ചിന്റെ അവസാന ഗഡു ഈ മാസമാണ് ജീവനക്കാർ അടച്ചുതീർത്തത്. പുതിയ സാലറി ചലഞ്ച് ജീവനക്കാരുടെ കഴുത്തിന് പിടിക്കുന്നതാണ്. പ്രളയഫണ്ട് സി. പി. എം വെട്ടിച്ചത് നമ്മൾ കണ്ടതാണ്. കൊവിഡ് ഫണ്ടിലും തട്ടിപ്പ് നടക്കുമോയെന്ന് ആശങ്കയുണ്ട്. സർക്കാരിന്റെ പല വീഴ്ചകളും ശ്രദ്ധയിൽപ്പെട്ടെങ്കിലും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാൽ കള്ളം കൈയോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി വിറളിപൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണ്. നിലവിലെ അന്തരീക്ഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കേണ്ടതിനാലാണ് വസ്തുനിഷ്ഠമായ ചില കാര്യങ്ങൾ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിച്ചത്. കൊവിഡ് പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പുതന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകർന്നിരുന്നു. ഈ പ്രതിസന്ധി കാലത്താണോ ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അഞ്ച് ലക്ഷം മുടക്കി അണുവിമുക്തമാക്കുന്നതെന്ന് ചോദിച്ച ചെന്നിത്തല എൻ.എച്ച്.എമ്മിൽ നിന്നുള്ള രണ്ടാം ഗഡുവായ 386 കോടി കേരളം വാങ്ങിയില്ലെന്നും പറഞ്ഞു.