ആറ്റിങ്ങൽ: മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപം പാലസ് റോഡിൽ പ്രവർത്തിക്കുന്ന അശ്വതി ഫുഡ്‌പ്രോഡക്ട്‌സിന്റെ പലഹാരനിർമ്മാണ യൂണിറ്റ് പരിശോധനയെത്തുടർന്ന് അടച്ചുപൂട്ടി. ഖരമാലിന്യപ്ലാന്റിന് സമീപം പ്രവർത്തിച്ചിരുന്ന യൂണിറ്റാണ് അടച്ചുപൂട്ടിയത്. റവന്യു-സിവിൽ സപ്ലൈസ്-നഗരസഭാആരോഗ്യവിഭാഗം എന്നിവ സംയുക്തമായാണ് പരിശോധന നടത്തി നടപടിയെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തഹസിൽദാർ ആർ.മനോജിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ വേണു, സീനിയർ ക്ലർക്ക് സുനിൽകുമാർ, സിവിൽസപ്ലൈസ് വിഭാഗത്തില്‍ നിന്ന് റേഷനിങ് ഇൻസ്പെക്ടർ സുലൈമാൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. പരാതി ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. ശുചിത്വമില്ലാത്ത ചുറ്റുപാടുകളിലാണ് ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികൾ യൂണിഫോം ധരിക്കുകയോ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്തിരുന്നില്ല. പലഹാരനിർമ്മാണത്തിനുളള മാവി ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്താണ്. തെരുവു നായ്ക്കൾ ഉൾപ്പെടെ കയറി കിടക്കുന്ന സ്ഥലമായിരുന്നു ഇവിടം. എലികളും ധാരാളമുണ്ടായിരുന്നു.ഉപയോഗിക്കുന്ന എണ്ണയുടെയും ചേരുവകളുടെയും സാമ്പിളുകൾ സിവിൽ സപ്ലൈസ് വിഭാഗം ശേഖരിച്ചു. ലൈസന്‍സ് മാനദണ്ഡങ്ങൾ പാലിക്കാതെ യൂണിറ്റ് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.