collector

തിരുവനന്തപുരം: ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് തങ്ങൾക്ക് ലഭിക്കേണ്ട അരിയും പലവ്യഞ്ജനങ്ങളും യഥാസമയം കിട്ടുന്നില്ലെങ്കിൽ ഇനി ധൈര്യമായി കളക്ടറോട് പറയാം. കൃത്യമായ ഇടവേളകളിൽ കളക്ടർ തന്നെ ആദിവാസികളെ നേരിട്ട് വിളിക്കും. ഇതിനായി അവരുടെ ഫോൺ നമ്പരുകൾ കളക്ടർ കെ. ഗോപാലകൃഷ്ണൻ വാങ്ങി. ഇന്നലെ രാവിലെ 9.30ഓടെ കുറ്റിച്ചൽ പഞ്ചായത്തിലെ ആദിവാസി മേഖലയിലെത്തിയ കളക്ടറോട് അരിയും പലവ്യഞ്ജനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും പച്ചക്കറികൾ, മസാലപ്പൊടികൾ എന്നിവ ലഭിക്കുന്നില്ലെന്നായിരുന്നു ഇവർ പരാതി പറഞ്ഞത്. അത് പരിഹരിക്കുന്നതിന് ട്രൈബൽ പ്രൊമോട്ടർ ഊരുകളിൽ ചെന്ന് ഓരോ വീട്ടിലും എന്തൊക്കെയാണ് വേണ്ടതെന്ന് ചോദിക്കുകയും അവ ലഭ്യമാക്കണമെന്നും കളക്ടർ നിർദേശിച്ചു. പണം കൊടുത്ത് വാങ്ങാനാകാത്തവർക്ക് സാധനങ്ങൾ സൗജന്യമായി എത്തിക്കും. ലോക്ക് ഡ‌ൗൺ അവസാനിക്കുന്നതുവരെ ഊരുവിട്ട് ആരും പുറത്തുപോകരുതെന്നും കളക്ടർ നിർദ്ദേശിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സർക്കാരിന്റെ കിറ്റ് എല്ലാ കുടുംബങ്ങൾക്കും എത്തിക്കും. ആരോഗ്യപ്രവർത്തകർ അടങ്ങിയ രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റ് രണ്ടു ദിവസത്തിലൊരിക്കൽ ഊരുകളിൽ പരിശോധന നടത്തും. കെ.എസ്. ശബരീനാഥൻ എം.എൽ.എ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

പോഷകക്കിറ്റ്

കൊവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ 60 വയസ് കഴിഞ്ഞ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഓരോ വ്യക്തിക്കും അഞ്ച് ഭക്ഷ്യ ഇനങ്ങൾ അടങ്ങിയ പോഷകക്കിറ്റ് നൽകും. ഇതിന്റെ ഉദ്ഘാടനം കളക്ടർ നിർവഹിച്ചു. മൂന്ന് കിലോ ഗോതമ്പ്‌ നുറുക്ക്, അരക്കിലോ വീതം ചെറുപയർ, വൻപയർ, ശർക്കര, എണ്ണ എന്നിവയാണുള്ളത്. ജില്ലയിലെ 3078 ഗുണഭോക്താക്കൾക്ക് ഇത് ലഭിക്കും.