indrans

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാൻ ദേശീയ അവാർഡ് ജേതാവായ ഇന്ദ്രൻസ് ഒരിക്കൽ കൂടി തയ്യൽക്കാരനായി. ബ്രേക്ക് ദ ചെയിൻ പ്രചരണ പദ്ധതിയുടെ ഭാഗമായി പൂജപ്പുര സെൻട്രൽ ജയിലിലെ മാസ്‌ക്ക് നിർമ്മാണ യൂണിറ്റിലാണ് നടൻ ഇന്ദ്രൻസ് വീണ്ടും തയ്യൽക്കാരന്റെ വേഷമണിഞ്ഞത്. 'എട്ട് ഇഞ്ച് നീളവും വീതിയുമുള്ള തുണിയെ മടക്കി അകത്ത് നോൺ വൂവൻ ഫാബ്രിക് വച്ച് ദാ,​ ഇങ്ങനെ ചെയ്താൽ മാസ്‌ക്കായി ' എന്നു പറഞ്ഞ് മാസ്ക്ക് തുന്നൽ ലളിതമായി പഠിപ്പിക്കുന്ന ഇന്ദ്രൻസിന്റെ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ വൈറലായിക്കഴിഞ്ഞു.

ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പടെ മാസ്‌ക്കിന് ദൗർലഭ്യമുള്ള സാഹചര്യത്തിലാണ് വീട്ടിൽ തന്നെ എങ്ങനെ മാസ്‌ക്ക് തയ്യാറാക്കാമെന്ന് ഇന്ദ്രൻസ് പഠിപ്പിക്കുന്നത്. ജയിലിൽ നിർമ്മിക്കുന്ന മാസ്‌ക്കുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം നിർമാണത്തിന്റ വിവിധ ഘട്ടങ്ങൾ അദ്ദേഹം വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. നോൺ വൂവൻ ഫാബ്രിക് വയ്ക്കുന്നതിനാൽ തുണി മാസ്‌ക്കുകളെക്കാൾ കൂടുതൽ സംരക്ഷണം കിട്ടുമെന്ന മെച്ചമുണ്ട്. ഇരുവശത്തും ഞൊറികളിട്ട് മുഖത്തേയ്ക്ക് അമർന്നിരിക്കാനുള്ള ചെറിയൊരു ബാൻഡുമിട്ട് കെട്ടാനുള്ള വള്ളിയും ചേർന്നതാണ് ഇന്ദ്രൻസിന്റെ മാസ്‌ക്ക്.