തിരുവനന്തപുരം: വിദേശങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് വിമാന യാത്രാക്കൂലിയിൽ ഇളവ് ലഭ്യമാക്കുമെന്നും ഇതിനായി അവരെയെല്ലാം ഒാവർസീസ് സ്റ്റുഡന്റ് രജിസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആറുമാസം വിദേശത്ത് കഴിയുന്നവർക്കാണ് നോർക്കയിൽ രജിസ്റ്റർ ചെയ്യാവുന്നത്. ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് വിദ്യാർത്ഥികൾക്ക് ഒാവർസീസ് സ്റ്റുഡന്റ്സ് രജിസ്ട്രേഷൻ നൽകുന്നത്. ഇതോടെ ഇവർക്ക് വിമാനയാത്രാകൂലിയിളവ് അടക്കം വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. ഇനി വിദേശത്ത് പഠിക്കാൻ പോകാനിരിക്കുന്നവർക്കും രജിസ്ട്രഷൻ നിർബന്ധമാക്കും.
വിദേശ മലയാളികളുടെ കൊവിഡ് കാലത്തെ ദുരിതം പരിഹരിക്കാൻ സർക്കാർ അഞ്ചിടങ്ങളിൽ മലയാളി സംഘടനകളുടെ സഹായത്തോടെ ഹെൽപ്പ് ഡെസ്കുകൾ തുടങ്ങും. പ്രവാസി മലയാളികൾക്ക് ഒാൺലൈനായി മെഡിക്കൽ സേവനം നൽകാനും സംവിധാനമൊരുക്കി.