കോവളം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞശേഷം പൂവാറിലെ വീട്ടിലേക്ക് രോഗിയുമായി മടങ്ങുകയായിരുന്ന സ്വകാര്യ ആംബുലൻസിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു. നിയന്ത്രണംവിട്ട ആംബുലൻസ് റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ രോഗിയായ യുവതിയുടെ നെറ്റിക്കും ഇവർക്കൊപ്പമുണ്ടായിരുന്ന മകന്റെ കാലിനും നിസാര പരിക്കേറ്റു. ഇവരെ അമ്പലത്തറയിലുള്ള സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടു. ഇന്നലെ രാവിലെ പാച്ചല്ലുർ ബൈപാസിൽ ചുടുകാട് ക്ഷേത്രത്തിന് സമീപം രാവിലെ 9.30ഓടെയാണ് അപകടം. ആംബുലൻസിന്റെ പിൻചക്രങ്ങളിലൊന്ന് ഓട്ടത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ആംബുലൻസ് ഡ്രൈവറും ചെമ്പഴന്തി സ്വദേശിയുമായ ഘോഷ് ലാൽ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരുവല്ലം പൊലീസ് സ്ഥലത്തെത്തി ആംബുലൻസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലുണ്ടായിരുന്നവർക്ക് പരാതി ഇല്ലാത്തിനാൽ പൊലീസ് കേസെടുത്തില്ല. ഉച്ചയ്‌ക്ക് ശേഷം ആംബുലൻസ് വിട്ടുകൊടുത്തു.