തിരുവനന്തപുരം: ഉത്സവ സീസണാണെങ്കിലും പരിപാടികൾ നടക്കാത്ത സാഹചര്യത്തിൽ പ്രയാസത്തിലായ കലാകാരന്മാർക്ക് രണ്ട് മാസത്തേക്ക് ആയിരം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സാംസ്കാരിക ക്ഷേമനിധിയിൽ അംഗത്വത്തിന് അപേക്ഷിച്ച പതിനായിരം കലാകാരന്മാർക്ക് ക്ഷേമനിധിയിൽ നിന്നാവും ധനസഹായം . ക്ഷേമനിധി അംഗങ്ങളായ 3012 പേർക്ക് നൽകുന്ന 3000 രൂപയുടെ പ്രതിമാസ പെൻഷന് പുറമേയാണിത്.ലോക്ഡൗൺ മൂലം പ്രയാസത്തിലായ മറ്റ് 20,000 കലാകാരന്മാർക്ക് കൂടി ഇതനുവദിക്കും. .
പരീക്ഷകളും മൂല്യനിർണയവും :
ഓൺലൈൻ പരിഗണനയിൽ
വിവിധ പരീക്ഷകളും ,ഇതിനകം നടന്ന പരീക്ഷകളുടെ മൂല്യനിർണ്ണയവും ഓൺലൈൻ വഴിയാക്കുന്നതിനെപ്പറ്റി ആലോചിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചു.
*ആധാരമെഴുത്ത്, കൈപ്പട വെണ്ടർമാർ എന്നിവരുടെ ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കും മൂവായിരം രൂപ വീതം
*കേബിൾ ടി.വി ഓപ്പറേറ്റർമാർ വൈദ്യുതിബോർഡിന് പോസ്റ്റ് വാടകയിനത്തിൽ നൽകാനുള്ള തുകയിൽ ഏപ്രിൽ, മേയ്, ജൂൺ മാസത്തെ വാടകകൾ പലിശരഹിതമായി നൽകുന്നതിന് ജൂൺ 30 വരെ സാവകാശം .
*സ്ഥിരം കാറ്ററിംഗ് സംഘങ്ങളിലെ വിളമ്പുകാർ, പാചകസംഘക്കാർ, ഫോട്ടോ, വീഡിയോഗ്രാഫർമാർ, തെങ്ങ്, പന കയറ്റ് തൊഴിലാളികൾ, ടെക്സ്റ്റയിൽ കടകളിലെ തൊഴിലാളികൾ തുടങ്ങി ക്ഷേമനിധികളൊന്നും ബാധകമല്ലാത്ത വിഭാഗങ്ങൾക്ക് 1000 രൂപ വീതം പ്രത്യേക ധനസഹായം
*കുരങ്ങുകളിലേക്ക് കൊവിഡ് പടരാൻ സാദ്ധ്യതയുള്ളതിനാൽ ഭക്ഷണം നൽകുന്നവർ മുൻകരുതലെടുക്കണം. വനത്തോട് അടുത്ത പ്രദേശങ്ങളിൽ കുരങ്ങ് പനിയുടെ സാഹചര്യത്തിൽ കുരങ്ങുകളിൽ നിന്ന് വിട്ടുനിൽക്കണം.
*വേനലിൽ കാട്ടുതീ പടരാതിരിക്കാൻ വനംവകുപ്പ് ശ്രദ്ധിക്കണം.