തിരുവനന്തപുരം: കമ്മ്യൂണിറ്റി കിച്ചണുകൾ രാഷ്ട്രീയ വത്കരിക്കുന്നതിൽ പ്രതിഷേധിച്ച് നഗരസഭയിലെ സർവ കക്ഷിയോഗത്തിൽ നിന്നും ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപനും വി.ജി. ഗിരികുമാറും ഇറങ്ങിപ്പോയി. സി.പി.എം കൗൺസിലർമാരുടെതല്ലാത്ത എല്ലാ വാർഡുകളിലെയും കമ്മ്യൂണിറ്റി കിച്ചണുകളെയും പ്രതിരോധ പ്രവർത്തനങ്ങളെയും സി.പി.എം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പ്രസ്‌താവനയിൽ ആരോപിച്ചു. ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഇന്നലെയും ആവശ്യമായ പച്ചക്കറിയും പലവ്യഞ്ജനങ്ങളും ബി.ജെ.പി പ്രവർത്തകർ എത്തിച്ചു. മണക്കാട് പയറ്റിക്കുപ്പയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കൗൺസിലർമാരായ ആർ.സി. ബീന, സിമി ജ്യോതിഷ് , ജില്ലാ ട്രഷറർ എസ്. നിഷാന്ത് എന്നിവരുടെ നേത്യത്വത്തിലുള്ള പ്രവർത്തകരാണ് അവശ്യവസ്‌തുക്കളെത്തിച്ചത്. 14 മണ്ഡലങ്ങളിലായി ഇന്നലെ 14,858 പേർക്ക് ബി.ജെ.പി ജില്ലാ ഘടകത്തിന്റെ നേത്യത്വത്തിൽ ഭക്ഷണങ്ങൾ വിതരണം ചെയ്‌തു. ഇത് കൂടാതെ 5,687 പേർക്ക് അരിയും മറ്റ് പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകളും വിതരണം ചെയ്‌തു.