മലയിൻകീഴ് : റോഡിൽ കൂട്ടം കൂടി നിന്ന സംഘത്തോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ട പൊലീസിനു നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. ഒരു പൊലീസുകാരന് വെട്ടേറ്റു. ഇന്നലെ വൈകുന്നേരം മലയം ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന വരുൺ, ജിജിക്കുഞ്ഞ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ഇവർക്കുനേരെ സംഘം വാൾ വീശുകയായിരുന്നു. വരുണിന്റെ വയറിനും കൈക്കും പരിക്കേറ്റു. പൊലീസിന്റെ ബൈക്കിനും കേടുപറ്റി. സംഭവവുമായി ബന്ധപ്പെട്ട് പാലോട്ടുവിള കുഞ്ചുകോണത്ത് എം. മഹേഷി(23)നെ സി.ഐ അനിൽകുമാർ, എസ്.ഐ. സൈജു എന്നിവരുടെ നേതൃത്വത്തിൽ മൂക്കുന്നിമല നിന്ന് പിടികൂടി. അതേസമയം, ശിവക്ഷേത്രത്തിന് സമീപം വലയിട്ട് മീൻ പിടിക്കുന്നത് പൊലീസ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥലവാസികൾ പറയുന്നു. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി..