surabhi-lakshmi-

തിരുവനന്തപുരം: നടി സുരഭി ലക്ഷ്മിക്ക് ഇത് മുത്തശ്ശിക്കാലം. ലോക്ക് ഡൗൺ കാലമായതിനാൽ തിരക്കിൽ നിന്നെല്ലാം അകന്ന് കോഴിക്കോട് താമരശ്ശേരി നരിക്കൂനിയിലെ വീട്ടിൽ മുത്തശ്ശി ലക്ഷ്മിക്കൊപ്പമാണ്. വീടും പരിസരവും വൃത്തിയാക്കിയും നാടൻ പാചക പരീക്ഷണങ്ങളിൽ മുഴുകിയും കാര്യങ്ങൾ ഉഷാറാണ്. 85 വയസുള്ള മുത്തശ്ശിക്കൊപ്പം ഇത്രയും ദിവസം ചെലവഴിക്കാൻ കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് സുരഭി കരുതുന്നത്. ഒരുപാട് ചിട്ടയുള്ള മുത്തശ്ശിയുടെ സ്വഭാവമാണ് ഏറെക്കുറെ തനിക്കും. അതുകൊണ്ടുതന്നെ മുത്തശ്ശിയുമായി മാറ്റാരെക്കാളും അടുപ്പമുണ്ട്.

മുത്തശ്ശിയുമായി ചേർന്ന് ആദ്യം വീടും പറമ്പും വൃത്തിയാക്കി. പിന്നെ അൽപ്പം കൃഷിപ്പണി. വിറകടുപ്പ് ഇല്ലെങ്കിലും മുത്തശ്ശിയുടെ സന്തോഷത്തിനായി പഴയതുപോലെ കുറച്ച് വിറക് ശേഖരിച്ചു. സഹോദരനായിരുന്നു കൂട്ട്. പഴയ പെട്ടികൾ തപ്പി ഓർമ്മകൾ പൊടിതട്ടിയെടുത്തു.

വായനയ്ക്ക് ഇപ്പോൾ കൂടുതൽ സമയം കിട്ടുന്നുണ്ട്. കെ.ആർ മീരയുടെ ആരാച്ചാരാണ് ഇപ്പോൾ വായിക്കുന്നത്. ചേച്ചി സുമിതയും അദ്ധ്യാപകൻ രമേഷ് വർമയുമാണ് പുസ്തകങ്ങൾ സജസ്റ്റുചെയ്യുന്നത്.

സ്വീകരണ പരിപാടികളുടെ സംഘാടകരോട് ഉപഹാരങ്ങൾക്ക് പകരം പുസ്തകം തരണമെന്ന് ആവശ്യപ്പെടാറുള്ളതിനാൽ വീട്ടിൽ ചെറുതല്ലാത്ത ശേഖരമുണ്ട്. സിനിമകാണലും ചാറ്റിംഗുമൊക്കെയായി വെറുതെയിരിക്കാൻ നേരമില്ലെന്നും സുരഭിലക്ഷ്മി പറയുന്നു.

 ഞാനുമുണ്ടാക്കി

ചക്കക്കുരു ഷേക്ക്

ഇപ്പോഴത്തെ ട്രെൻഡായ ചക്കക്കുരു ഷേക്ക് ഞാനും ഉണ്ടാക്കി. നാടൻ വിഭവങ്ങളാണ് കൂടുതലും ഞാൻ പാകം ചെയ്യുന്നത്. ചക്കയും മാങ്ങയുമൊക്കെ ധാരാളമായി കഴിക്കാൻ ഇപ്പോഴാണ് സാധിക്കുന്നത്. നരിക്കൂനിയിലെ കമ്മ്യൂണിറ്റി കിച്ചണിൽ ചെറിയ തോതിലുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. അയൽവാസികളുമായി സംസാരിച്ചും ഭക്ഷണം ഷെയർചെയ്തുമൊക്കെയായി ലോക്ക് ഡൗൺ കാലം ആകെ ഹാപ്പിയാണ്.