sreechitra

തിരുവനന്തപുരം : കൊവിഡിനെപ്പോലെ വളരെ അപകടകാരിയായ വൈറസിനെ നേരിടുന്ന ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉയർന്ന ഗുണനിലവാരമുള്ള സുരക്ഷാ ഉപകരണങ്ങൾ അത്യാവശ്യമാണന്നും, ഇതിനായി ആധുനിക രീതിയിൽ ഗേറ്റ് വേ രൂപകൽപ്പന ചെയ്തത് ശ്രീചിത്രയുടെ മികച്ച മുന്നേറ്റമാണെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ പറഞ്ഞു.

ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ കോവിഡ് രോഗികളെ പരിശോധിക്കാൻ രണ്ട് ദിവസം മുൻപാണ് അണുവിമുക്തമാക്കാവുന്ന പരിശോധന ഗേറ്റ് വേ വികസിപ്പിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ സി. വി. മുരളീധരൻ, വി. രമേഷ് ബാബു, ഡി. എസ്. നാഗേഷ്, സൗരഭ് എസ്. നായർ, അരവിന്ദ് കുമാർ പ്രജാപതി, ഡോ. കെ. ജി. വി. ശിവകുമാർ എന്നിവർക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റേണൽ ഓർഗൻ (എഐഒ) ആൻഡ് ഡിവിഷൻ ഓഫ് എക്‌സ്ട്രാ കോർപറേൽ ഡിവൈസസ് (ഇസിഡി) ടീം അംഗങ്ങൾ ചേർന്നാണ് ഗേറ്റ് വേ തയ്യാറാക്കിയത്. ഇതിന്റെ സാങ്കേതിക വിവരങ്ങൾ തിരുവനന്തപുരത്തെ ഫ്‌ളൈ ടെക് ഇൻഡസ്ട്രീസുമായാണ് പങ്കുവച്ചിരിക്കുന്നത്.