തിരുവനന്തപുരം:ലോക്ക്ഡൗൺ വിലക്കുകൾ പാലിക്കാതെ വിലക്കു ലംഘനം നടത്തിയ 103 പേർക്കെതിരെ ഇന്നലെ കേസെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 88 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 15 പേർക്കെതിരെയുമാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വലിയതുറ, പൂന്തുറ, വിഴിഞ്ഞം സ്‌റ്റേഷനുകളിലാണ് എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസുകൾ എടുത്തത്. 73 വാഹനങ്ങൾ പിടിച്ചെടുത്തു. 61 ഇരുചക്ര വാഹനങ്ങളും 9 ആട്ടോറിക്ഷകളും 3 കാറുകളുമാണ് പിടിച്ചെടുത്തത്.സിറ്റി പൊലീസ് പുതുതായി നടപ്പിലാക്കിയ 'റോഡ് വിജിൽ ആപ്പ്'വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകൾ നടത്തിയ കൂടുതൽ പേരും പിടിയിലായത്.