റോം: ഇറ്റലിയിൽ ജെനോവ, ഫ്ലോറൻസ് നഗരങ്ങൾക്കിടയിൽ മാസാ കരാറ പ്രവിശ്യയിൽ ടുസ്‌കാനിയിൽ 850 അടി നീളവും 27 അടി ഉയരവുമുള്ള ഭീമൻ പാലം തകർന്നു വീണു. ഒഴിവായത് വൻ ദുരന്തമാണ്. സാധാരണ നല്ല തിരക്കനുഭവപ്പെടുന്ന പാലമായിരുന്നു ഇത്. ഇറ്റലിയിൽ ലോക്ക്ഡൗണായതിനാൽ വാഹനങ്ങളൊന്നും ഈ മേഖലയിലൂടെ കടന്നുപോയിരുന്നില്ല. പാലം ഉൾപ്പെടുന്ന എസ്.എസ് 330 റോഡിൽ പൊതുഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു.
അപകട സമയം രണ്ട് പാഴ്സൽ സർവീസ് വാനുകൾ പാലത്തിലൂടെ കടന്നുപോയിരുന്നു. രണ്ട് വാനിന്റെയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം ഇന്നലെ രാവിലെ 10.25 ഓടെയായിരുന്നു അപകടം. 2018 ഓഗസ്റ്റിൽ സമാന രീതിയിൽ ജനോവയിൽ 50 വർഷം പഴക്കമുള്ള ഒരു പാലം തകർന്നിരുന്നു. 260 അടി ഉയരമുള്ള പാലം തകർന്ന് 43 പേരാണ് അന്ന് മരിച്ചത്. ഈ പാലത്തിന്റെ പുനർനിർമാണം ഇപ്പോഴും തുടരുകയായിരുന്നു.