linda-tripp

ന്യൂയോർക്ക്: ഏറെ കോളിളക്കം സൃഷ്‌ടിച്ച ബിൽ ക്ലിന്റൺ - മോണിക്ക ലെവിൻസ്‌കി വിവാദം പുറംലോകത്തെ അറിയിച്ച അമേരിക്കൻ സിവിൽ സർവന്റ് ലിൻഡ ട്രിപ്പ് അന്തരിച്ചു. 70 വയസായിരുന്നു. പാൻക്രിയാറ്റിക് കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. വൈറ്റ് ഹൗസ് ഇന്റേണായിരുന്ന മോണിക്ക ലെവിൻസ്‌കിയുമായി താൻ നടത്തിയ സംഭാഷണങ്ങൾ ലിൻഡ റെക്കാഡ് ചെയ്യുകയും അത് പുറത്തുവിടുകയും ചെയ്‌തു. അങ്ങനെയാണ് സംഗതി പുറംലോകമറിഞ്ഞത്. 1998ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റണെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾക്കാണ് ലിൻഡ നടത്തിയ വെളിപ്പെടുത്തലുകൾ വഴിതെളിച്ചത്.

പെന്റഗണിലെ മുൻ സിവിൽ സർവന്റായിരുന്ന ലിൻഡ അവിടെ ഇന്റേൺഷിപ്പിനുണ്ടായിരുന്ന മോണിക്ക ലെവിൻസ്‌കിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പ്രസിഡന്റ് ബിൽ ക്ലിന്റണ് മോണിക്കയുമായി ബന്ധമുണ്ടായിരുന്നുവെന്ന് മനസിലാക്കിയ ലിൻഡ 1997 മുതൽ മോണിക്ക അറിയാതെ അവരുടെ സംഭാഷണങ്ങൾ റെക്കാഡ് ചെയ്യാൻ തുടങ്ങി. 1998 ജനുവരിയിൽ ലിൻഡ മോണിക്കയുടെ സംഭാഷണമടങ്ങിയ ടേപ്പ് തന്റെ അഭിഭാഷകനായ ജിം മൂഡിയ്ക്കും സ്പെഷ്യൽ പ്രോസിക്യൂട്ടറായ കെന്നത്ത് സ്‌റ്റാറിനും കൈമാറി. പിന്നീട് ക്ലിന്റണ് നേരെ ഉണ്ടായത് അന്വേഷണവും ഇതേവരെ ഒരു അമേരിക്കൻ പ്രസിഡന്റ് നേരിടേണ്ടി വന്നിട്ടില്ലാത്ത ലൈംഗിക അപവാദക്കേസുമാണ്. ക്ലിന്റണെ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റിലെത്തിയപ്പോൾ കുറ്റമോചിതനായി.

ലിൻഡ, മോണിക്കയെ സൗഹൃദം നടിച്ച് ചതിച്ചെന്നും ക്ലിന്റണിന്റെ പ്രസിഡന്റ് സ്ഥാനം അട്ടിമറിക്കാൻ ശ്രമിച്ചെന്നും ചിലർ കുറ്റപ്പെടുത്തി. 2001ൽ ക്ലിന്റണിന്റെ ഭരണകാലയളവിന്റെ അവസാനദിനം ലിൻഡയെ പെന്റഗണിലെ ജോലിയിൽ നിന്നും പുറത്താക്കി. പിന്നീട് വിർജീനിയയിൽ ഭർത്താവുമായി ചേർന്ന് ലിൻഡ ഒരു കട തുറന്നിരുന്നു. ലിൻഡ രോഗബാധിതയാണെന്നറിഞ്ഞപ്പോൾ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് മോണിക്ക ലെവിൻസ്‌കി ട്വീറ്റ് ചെയ്‌തിരുന്നു. 'കഴിഞ്ഞു പോയതെന്തായാലും ലിൻഡയുടെ ആരോഗ്യ സ്ഥിതി ഇപ്പോൾ ഗുരുതരമാണ്. അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ' മോണിക്ക ട്വിറ്ററിൽ അന്ന് കുറിച്ചിരുന്നു. 1998ൽ വിചാരണയ്ക്കിടെ കഴിഞ്ഞുപോയ എല്ലാത്തിനും ക്ഷമാപണം നടത്തിയ മോണിക്ക, താൻ ലിൻഡയെ വെറുക്കുന്നുവെന്നും പറഞ്ഞിരുന്നു.