കാസർകോട്: കേരള-കർണാടക അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതു ഫലം കാണാതെ പോകുകയായിരുന്നു.
രണ്ടുദിവസം മുമ്പാണ് അബ്ദുൾ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ, അതിർത്തിയിൽ വച്ച് കർണാടക അധികൃതർ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.
അടിയന്തരാവശ്യത്തിനുള്ള ചികിത്സയ്ക്കായി കേരളത്തിൽ അതിർത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്ന് പേരിൽ രണ്ട് രോഗികൾക്കും ഇന്നലെ കർണാടകം ചികിത്സ നിഷേധിച്ചിരുന്നു. കാസർകോട് സ്വദേശി തസ്ലീമയ്ക്കും, പയ്യന്നൂർ മാട്ടൂലിൽ നിന്ന് പോയ റിഷാനയ്ക്കുമാണ് ചികിത്സ നിഷേധിച്ചത്. ഇന്ന് മൂന്ന് പേരാണ് കേരളത്തിൽ നിന്നും കർണാടകത്തിന്‍റെയും കേരളത്തിന്‍റെയും മെഡിക്കൽ സംഘത്തിന്‍റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയത്. ഇതിൽ രണ്ട് പേരും മടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളിൽ അടിയന്തര ആവശ്യത്തിന് പോയാലും കർണാടകത്തിലെ ആശുപത്രികൾ ചികിത്സ നൽകില്ലെന്നുറപ്പായി.