പാറശാല: ഫ്രീസർ വാഹനത്തിലാക്കി മാർക്കറ്റിലെത്തിക്കാൻ കൊണ്ടുവന്ന പുഴുവരിച്ച 2500 കിലോ ചൂര വെള്ളറട പൊലീസ് പിടികൂടി. തമിഴ്‌നാട് പള്ളം സ്വദേശികളായ ഡ്രൈവർ ജോർജ്, ക്‌ളീനർ കൃഷ്ണൻ, മത്സ്യം കടത്തിക്കൊണ്ടുവന്ന പനച്ചമൂട് സ്വദേശി സയ്യിദ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ജെ.സി.ബി ഉപയോഗിച്ച് മത്സ്യം കുഴിച്ചുമൂടി. ഇന്ന് വെളുപ്പിന് പട്രോളിംഗിനിടെയാണ് പനച്ചമൂടിന് സമീപം വച്ച് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ നെടുമങ്ങാട് മാർക്കറ്റിൽ കൊണ്ടുപോയതാണെന്നും അവിടെ നിന്നും തിരികെ അയച്ചതിനാൽ പനച്ചമൂട് സയ്യിദിന് എത്തിച്ചുകൊടുക്കാൻ കൊണ്ടുവന്നതെന്നുംഡ്രൈവർ പൊലീസിനോട് പറഞ്ഞു.
പൊലീസ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പധികൃതർ നടത്തിയ പരിശോധനയിൽ മത്സ്യം പുഴു അരിക്കുന്ന നിലയിലായിരുന്നു.വെള്ളറട സി.ഐ ശ്രീകുമാർ, എസ്.ഐ സതീഷ് ശേഖർ, എ.എസ്.ഐ ബിജുകുമാർ, സി.പി.ഒമാരായ രാജൻ, രാജീവ്, ഹെൽത്ത് ഓഫീസർ ടി. ബൈജുകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.ക്യുബെർട്ട്, സലിൽജോസ് എന്നിവർ പരിശോധനാസംഘത്തിലുൾപ്പെട്ടിരുന്നു.