jenni

വാഷിംഗ്ടൺ:കടയ്ക്കുള്ളിൽ കയറി സാധനങ്ങൾ നക്കിയ സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു. കാലിഫോർണിയ സ്വദേശിയും 53കാരിയുമായ ജെന്നിഫർ വാക്കറാണ് അറസ്റ്റിലായത്. ഒന്നരലക്ഷത്താേളം രൂപയുടെ സാധനങ്ങളിലാണ് ഇവർ നക്കിയത്.
ഒരു സ്ത്രീ സാധനങ്ങളിൽ നക്കുന്നു എന്ന് സൂപ്പർമാർക്കറ്റ് ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്. ഇവർ സൂപ്പർമാർക്കറ്റിലെ ഫാൻസി ആഭരണങ്ങൾ കയ്യിൽ അണിഞ്ഞശേഷം അതിൽ നക്കിയെന്നും ഇതിനൊപ്പം ഷെൽഫിലുണ്ടായിരുന്ന മറ്റുസാധനങ്ങളിലും നക്കിയെന്നായിരുന്നു ഉടമ പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ സ്ത്രീ സൂപ്പർമാർക്കറ്റിനുള്ളിൽ തന്നെയുണ്ടായിരുന്നു. മനപൂർവം രോഗം പകർത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തത്. കോവിഡ് പരത്താൻ ശ്രമിക്കുന്നവർക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുക്കുമെന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ കോവിഡ് പടരുന്ന സാഹരചര്യത്തിൽ സ്ത്രീയുടെ പ്രവൃത്തിയെ പൊലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സ്ത്രീയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. നേരത്തേ സൂപ്പർമാർക്കറ്റിനുള്ളിലെ സാധനങ്ങളിൽ ചുമച്ചുതുപ്പിയ യുവതിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
അമേരിക്കയിൽ കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. നാല് ലക്ഷം പേർ കോവിഡ് ബാധിതരാവുകയും മരിച്ചവരുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്.