malayinkil

മലയിൻകീഴ്: മലയിൽകീഴ് കരിപ്പൂര് ഇന്ദ്രപ്രസ്ഥത്തിൽ ബി. ഗീതാകുമാരിയെ ലോക്ക് ഡൗൺ ബാധിച്ചിട്ടില്ല. കുടിൽ വ്യവസായത്തിലൂടെ വരുമാനം കണ്ടെത്തിയ ഗീതാകുമാരിയുടെ ബിസിനസ് ഇപ്പോഴും ലാഭംതന്നെ. വീട്ടിലിരുന്ന് പക്കാവട നിർമ്മിച്ച് വില്പന നടത്താൻ തുടങ്ങിയിട്ട് നാളുകളായി. ഇതിന് കൂട്ടായി ചില ബേക്കറി ഉടമകളുമുണ്ട്. ഇവർ വീട്ടിലെത്തി പക്കാവട ശേഖരിക്കും. വീട്ട് ജോലിക്കൊപ്പമാണ് ഗീതാകുമാരി ഇവ നിർമ്മിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പക്കാവടകൾ വീടുകളിലും മറ്റ് സ്ഥലങ്ങളിലും കൊണ്ട് നടന്ന് കച്ചവടം നടത്തുന്നതും പതിവാണ്. എന്നാൽ ലോക്ക് ഡൗൺവന്നതോടെ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ടന്നാണ് ഗീതാകുമാരി പറയുന്നത്.

ട്രിവാൻട്രം ക്ലബിലാണ് മൂത്തമകൻ സംഗീതിന് ജോലി. അവിടെയും മകനിലൂടെ പക്കാവട പ്രസിദ്ധമാണ്. ഇളയമകൻ സജീത് പഠനം കഴിഞ്ഞ് നിൽക്കുകയാണ്. മലയിൻകീഴ് മയിൽപ്പിലി കുടുംബശ്രീ യൂണിറ്റിൽ അംഗമാണ്. കുടുംബത്തിന്റെ മുഴുവൻ പിന്തുണയോടെ ഈ കൊവിഡ് 19 ലും വീട്ടിലിരുന്ന് സ്വയം തൊഴിലിൽ ഏർപ്പെടുകയാണ് 52 കാരിയായ ഗീതകുമാരി.

കഴിഞ്ഞ പത്ത് വർഷമായി ഗീതകുമാരിയുടെ പക്കാവട മലയിൻകീഴും പരിസര പ്രദേശങ്ങളിലും "ഫേമസാണ്.

200 ഗ്രാം, 250 ഗ്രാം എന്നീ പാക്കറ്റുകളിൽ അളന്ന് തൂക്കി നിറയ്ക്കും. 200 ഗ്രാം പാക്കറ്റിന് 25 രൂപയ്ക്കാണ് കടകളിൽ കൊടുക്കുന്നത്. കച്ചവടക്കാർ അത് 30 രൂപയ്ക്ക് വിൽക്കും. ഏകദേശം 6 കിലോ പക്കാവട വീതമാണ് ദിവസവും നിർമ്മിക്കും. ഇതിലൂടെ 350 രൂപയ്ക്ക് മേൽ നിത്യവരുമാനം ഉണ്ടെന്നാണ് ഗീതാകുമാരി പറയുന്നത്. ഒപ്പം ഉണ്ണിയപ്പവും അച്ചപ്പവും വൻ ഡിമാന്റോടെയാണ് വിറ്റഴിക്കുന്നത്.

ഭർത്താവും രണ്ട്മക്കളും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ ആകെ വരുമാനം ഭർത്താവ് ശശിധരൻനായരുടെ സ്ഥരമാല്ലാത്ത ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം മാത്രമാണ്. സ്വന്തമായി എന്തെങ്കിലും വരുമാനം കണ്ടെത്തണമെന്ന് പല വട്ടം ഭർത്താവിനോട് പറഞ്ഞെങ്കിലും അദ്ദേഹം ആദ്യം അനുമതി നൽകിയില്ല. എന്നാൽ ഗീതാകുമാരി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് കാരണം പിന്നീട് അദ്ദേഹം പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് അനുമതി നൽകി. ആദ്യം ഒന്ന്, രണ്ട് കിലോ പക്കാവട ഉണ്ടാക്കി ബന്ധുവീടുകളിലും മറ്റും നൽകി. അവർ നൽകുന്ന തുക പ്രതിഭലമായി വാങ്ങി. പിന്നീട് മലയിൻകീഴിലുള്ള ബേക്കറിയിൽ പലഹാരങ്ങൾ നൽകിത്തുടങ്ങി. പിന്നീട് പല ബേക്കറികളിലും വീടുകളിലും ഗീതാകുമാരി നിർമ്മിക്കുന്ന പലഹാരങ്ങൾപ്പ് ആവശ്യക്കാരേറി. ഇപ്പോൾ ആവശ്യക്കാർ ഏറെയാണെന്നാണ് ഗീതകുമാരി സാക്ഷ്യപ്പെടുത്തുന്നത്.