ഹെൽസിങ്കി: ചൈനയിൽ നിന്നും തങ്ങൾ വാങ്ങിയ 20 ലക്ഷം മാസ്‌കുകൾ ആശുപത്രികളിലെ ഉപയോഗത്തിന് യോഗ്യമല്ലെന്ന് ഫിൻലൻഡ്. ചൊവ്വാഴ്ച ചൈനയിലെ ഗുവാംഗ്ഷൗവിൽ നിന്നും 20 ലക്ഷം സർജിക്കൽ മാസ്‌കുകളും 230,000 റെസ്‌പിറേറ്റർ മാസ്‌കുകളും വിമാനമാർഗം ഹെൽസിങ്കിയിലെത്തിച്ചിരുന്നു. എന്നാൽ ഈ മാസ്‌കുകൾ ആശുപത്രി അന്തരീക്ഷത്തിൽ കൊറോണ വൈറസുകളെ ചെറുക്കാൻ ഉപകരിക്കില്ലെന്ന് ഫിൻലൻഡ് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. അതേ സമയം, ഈ മാസ്‌കുകൾ വീടുകളിലും മറ്റും ഉപയോഗിക്കാമെന്നും സർക്കാർ വ്യക്തമാക്കി.
ചൈനയിൽ നിന്നും ഇത്തരത്തിൽ കൊറോണ പ്രതിരോധ വസ്‌തുക്കൾ ഇറക്കുമതി ചെയ്‌ത മറ്റ് യൂറോപ്യൻ രാജ്യങ്ങളും പോരായ്‌മകൾ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് ഫേസ്‌മാസ്‌കുകൾ അങ്ങേയറ്റം കുഴപ്പം നിറഞ്ഞതാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ഉത്പന്നങ്ങൾ വിലകുത്തനെ ഉയരുന്നുമുണ്ട്. വാങ്ങുന്നതിന് മുൻകൂട്ടി അഡ്വാൻസും നൽകണം.
സ്പെയിൻ, നെതർലൻഡ്‌സ്, തുർക്കി, ഓസ്ട്രേലിയ രാജ്യങ്ങൾ ചൈനയിൽ നിന്നും വാങ്ങിയ ഫേസ്‌മാസ്‌കുകൾ തിരികെ അയച്ചിരുന്നു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുമ്പോൾ രണ്ടു തവണ പരിശോധിക്കണമെന്നും ഈ രാജ്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഫിൻലൻഡ് ഇറക്കുമതി ചെയ്‌ത മാസ്‌കുകളുടെ വില വെളിപ്പെടുത്തിയിട്ടില്ല. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 400 കോടി യൂറോയാണ് രാജ്യത്ത് നീക്കി വച്ചിരിക്കുന്നത്. ഇതിൽ 600 ദശലക്ഷം യൂറോ സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനായി മാറ്റിവച്ചതാണ്.
ദിവസം 2,00,000 മാസ്‌കുകൾ വീതം നിർമിക്കാൻ രാജ്യത്തെ മൂന്ന് കമ്പനികളുമായി കരാർ ഏർപ്പെട്ടതായി ഫിൻലൻഡ് അറിയിച്ചു. ദിനംപ്രതി ഒരു ലക്ഷം സർജിക്കൽ മാസ്‌കുകളും 50,000 റെസ്‌പിറേറ്റർ മാസ്‌കുകളുമാണ് ഫിൻലൻഡിന് വേണ്ടത്. രാജ്യത്തിന്റെ പല ഭാഗത്തും ഇവയ്ക്ക് ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്.