തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുമായി അടുത്തിടപഴകേണ്ടി വരുന്ന പൊലീസുകാർക്ക് രോഗബാധയേൽക്കാതെ രക്ഷിക്കാൻ ഡിസ് ഇൻഫെക്ഷൻ ബസെത്തും. ശ്രീചിത്ര ആശുപത്രിയ്ക്ക് മുന്നിൽ രോഗികളെയും കൂട്ടിരിപ്പുകാരെയും അണുവിമുക്തമാക്കാൻ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഡിസ് ഇൻഫെക്ഷൻ ഗേറ്റ് വേയുടെ മാതൃകയിലുള്ള സംവിധാനം പൊലീസ് ബസിൽ ഘടിപ്പിച്ചാണ് സേനാംഗങ്ങളെ അണുവിമുക്തരാക്കുന്നത്.

ബസിന്റെ ഒരുവാതിലൂടെ പൊലീസുകാരെ അകത്തേക്ക് പ്രവേശിപ്പിച്ചശേഷം ഡിസ് ഇൻഫെക്ഷൻ ഗേറ്റ് വഴി പിൻവാതിലിലൂടെ പുറത്തിറക്കുന്നതാണ് സംവിധാനം. പൊലീസ് ആസ്ഥാനത്ത് ഇന്ന് ഇത് പരീക്ഷണവിധേയമാക്കിയശേഷം നിരത്തുകളിലും സ്റ്റേഷനുകളിലും ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇതിന്റെ സേവനം നൽകും. നാൽപത് സെക്കന്റിൽ ഒരാളുടെ ശരീരവും വസ്ത്രങ്ങളും ഇതിലൂടെ അണുവിമുക്തമാക്കാം. ഹൈഡ്രജൻ പെറോക്സൈഡ് പുക ഉണ്ടാക്കുന്നതിനുള്ള സംവിധാനം,​ അൾട്രാ വയലറ്റ് അടിസ്ഥാന അണുനശീകരണ സംവിധാനം എന്നിവ ഉപയോഗിച്ചാണ് ഡിസ് ഇൻഫെക്ഷൻ ഗേറ്റ് വേയുടെ പ്രവർത്തനം. ഗേറ്റ് വേയിലെ സെൻസറുകൾ, ആൾ പ്രവേശിക്കുന്നത് തിരിച്ചറിഞ്ഞ് ഹൈഡ്രജൻ പെറോക്സൈഡ് പുകയുണ്ടാക്കും.ഈ പുക ശരീരവും വസ്ത്രവും അണുവിമുക്തമാക്കും. വ്യക്തി പുറത്തിറങ്ങുന്നതോടെ പുകയുംനിൽക്കും. തുടർന്ന് തെളിയുന്ന അൾട്രാവയലറ്റ് ലൈറ്റിൽ ചേംബറും അണുവിമുക്തമാകും. ലൈറ്റ് അണയുമ്പോൾ അടുത്തയാൾക്ക് കയറാം.