തിരുവനന്തപുരം: കൊവിഡ് ബോധവത്കരണം മോഹിനിയാട്ടത്തിലൂടെ അവതരിപ്പിച്ച് നർത്തകി മേതിൽ ദേവിക. സോഷ്യൽ മീഡിയയിൽ പാേസ്റ്റ് ചെയ്തിരിക്കുന്ന നൃത്തം അനേകം പേരുടെ പ്രശംസ പിടിച്ചുപറ്റുകയാണ്. മുത്തുസ്വാമി ദീക്ഷിതരുടെ നവരാണ കൃതിയുടെ ഒരു ഭാഗത്തിലൂടെയാണ് കൊവിഡിന്റെ നൃത്തച്ചുവടുകൾ. പതിനെട്ടാം നൂറ്റാണ്ടിൽ ദീക്ഷിതർ പരാശക്തിയെ വർണിച്ചു ചിട്ടപ്പെടുത്തിയ കൃതി ഇന്നത്തെ അവസ്ഥയ്‌ക്കൊത്ത് പുനർവ്യാഖ്യാനം ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്.
മാനവരാശിക്ക് മൂന്ന് തരത്തിൽ ബുദ്ധിമുട്ടുകളുണ്ടാകുന്നു. പ്രകൃതിയാൽ, മറ്റ് സൃഷ്ടികളാൽ, മാനസിക ആകുലതകളാൽ. കൊവിഡ് മൂലമുള്ള ദുരിതങ്ങളിൽ ഈ മൂന്നു കാരണങ്ങളുമുണ്ടെന്ന് നൃത്തം സാക്ഷ്യപ്പെടുത്തുന്നു. എടുക്കേണ്ട മുൻകരുതലുകളെകുറിച്ചും സ്വീകരിക്കേണ്ട ശുചിത്വ ശീലങ്ങളെകുറിച്ചുമാണ് നൃത്തം കാണിച്ചുതരുന്നത്. ഇതൊക്കെ പാലിച്ചാൽ കൊവിഡിനെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിച്ചു ജയിക്കാമെന്ന് നൃത്തച്ചുവടുകളും മുദ്രകളും കാണിച്ചുതരുന്നു.
നാലഞ്ചു ദിവസം എടുത്ത് വീട്ടിലെ കളരിയിലാണ് നൃത്തം ഷൂട്ട് ചെയ്തത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ ആമുഖത്തോടെയാണ് നൃത്തം ആരംഭിക്കുന്നത്. നടനും എം.എൽ.എയുമായ മുകേഷിൻെറ ഭാര്യയാണ് മേതിൽ ദേവിക.