തിരുവനന്തപുരം: അതിരാവിലെ ട്രാക്ക് സ്യൂട്ടും ഷൂസും ധരിച്ച് മൈതാനങ്ങളിൽ വിസിൽ നീട്ടിയടിച്ച് കുട്ടികൾക്ക് കായിക പരിശീലനം നൽകിക്കൊണ്ടിരുന്ന കോച്ചുമാരിപ്പോൾ അരിച്ചാക്കും പച്ചക്കറിയുമൊക്കെ ചുമക്കുകയാണ്!
കൊവിഡ് ഭീതിയിൽ നാട് ലോക്ക്‌ഡൗണായപ്പോൾ മൈതാനങ്ങളിലേക്കുള്ള വഴികൾ അടഞ്ഞു. സ്കൂളില്ല, കോളേജില്ല, ഹോസ്റ്റലുകളില്ല. പിന്നെവിടെ കോച്ചിംഗ് ? ആ സയമത്ത് മറ്റെന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ ജില്ലാ സ്പോർട്സ് കൗൺസിലിലെ മുഴുവൻ കോച്ചുമാരും കമ്മ്യൂണിറ്റി കിച്ചണിന് ആവശ്യമായ അരിയും സാധനങ്ങളും എത്തിക്കുന്ന പണി ഏറ്റെടുത്തു.
രാവിലെ എല്ലാവരും നഗരസഭയിലെത്തും. സാധനങ്ങൾ എവിടെയുണ്ട് എന്നന്വേഷിക്കും. പിന്നെ അവിടങ്ങളിലേക്കുള്ള യാത്ര. അരിയും പലവ്യഞ്ജനവും പച്ചക്കറിയുമെല്ലാം ശേഖരിച്ച് ഉച്ചയോടെ നഗരസഭയിൽ എത്തിക്കും. അവിടെനിന്നു വിവിധ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പായ്ക്ക് ചെയ്ത് കൊണ്ടുപോകും. അപ്പോഴേക്കും രാത്രി 7 കഴിയും.
സാധാരണ വെക്കേഷൻ കാലത്താണ് കായിക പരിശീലകർ കൂടുതൽ തിരക്കുള്ളവരാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതില്ല. പകരം കൗൺസിലിന്റെ തീരുമാനം ഏറ്റെടുക്കുകയായിരുന്നെന്ന് ഖോ-ഖോ കോച്ചായ ആർ.ഷോബി പറഞ്ഞു.
''നാടു മുഴുവൻ കൊവിഡിനെ പ്രതിരോധിക്കാനിറങ്ങുമ്പോൾ ഞങ്ങളും സേവന സന്നദ്ധരായി ഇറങ്ങുകയായിരുന്നു. നാടിനിപ്പോൾ വളരെ ആവശ്യമുള്ളതാണല്ലോ കമ്മ്യൂണിറ്റി കിച്ചൺ''
-എസ്. എസ്. സുധീർ, പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ
''അതിജീവനത്തിന്റെ മറ്റൊരു മാതൃകയാണിത്. സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന സർക്കാർ നയത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളോട് ചേർന്നുനിൽക്കുകയാണ് സ്പോർട്സ് കൗൺസിലുകൾ''
- ഇ.പി.ജയരാജൻ, കായികമന്ത്രി.