ന്യൂയോർക്ക്: മെഴ്സിഡസ് കാറുകളുടെ ആരാധകനെ ആഗ്രഹപ്രകാരം കാറോടുകൂടി സംസ്കരിച്ചു. യു.എസ് ഈസ്റ്റേൺ കേപ്പിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് മുൻനേതാവ് ഷ്‌കെഡെ ബഫ്ടൺ പിറ്റ്‌സോയെയാണ് വിചിത്രമായ രീതിയിൽ സംസ്കരിച്ചത്. എന്നും മെഴ്സിഡസിനെ പ്രണയിച്ചിരുന്ന പിറ്റ്സോയുടെ അന്ത്യവും കാറിനടുത്ത് കുഴഞ്ഞ് വീണായിരുന്നു. അവസാനകാലത്ത് തനിക്ക് താങ്ങായി നിന്ന സെക്കൻഡ് ഹാൻഡ് മെഴ്സിഡസിലായിരുന്നു അദ്ദേഹം സമയം ചെലവഴിച്ചിരുന്നത്. ഒരുപാട് ആഡംബര മെഴ്സിഡസ് കാറുകൾ വാങ്ങി അതിൽ സഞ്ചരിച്ച് ജീവിതം ആനന്ദകരമാക്കിയിരുന്ന ഈ ബിസിനസുകാരൻ പൊട്ടിപ്പൊളിഞ്ഞ് പാളീസായപ്പോൾ കാറുകൾ ഓരോന്ന് വിറ്റു. എങ്കിലും മെഴ്സിഡസ് ഇല്ലാതെ ജീവിക്കാനാവില്ലെന്ന് വന്നപ്പോൾ ഒരു പഴയ മെഴ്സിഡസ് വാങ്ങി. അതിൽ ഇരുന്ന് റേഡിയോയിലെ പാട്ടുകേട്ടുകൊണ്ടായിരുന്നു അദ്ദേഹം അന്ത്യനാളുകളിൽ സമയം ചെലവഴിച്ചിരുന്നത്.
മുന്തിയ മെഴ്സിഡസ് കാറുകൾക്കൊന്നും തരാൻ പറ്റാത്തൊരു സുഖം അയാൾ ആ പഴയ മെഴ്സിഡസിൽ കണ്ടു. താൻ മരിക്കുമ്പോൾ ശവപ്പെട്ടിക്ക് പകരം ഈ കാറിനുള്ളിലാക്കി സംസ്കരിക്കണമെന്ന ആഗ്രഹം മക്കൾ നിറവേറ്റി. വലിയ കുഴിയെടുത്ത് കാറാേടുകൂടി സംസ്കരിച്ചു.
ലോക്ക്ഡൗൺ ആയിരുന്നിട്ടും അസാധാരണമായ ശവസംസ്‌കാര ചടങ്ങ് കാണാൻ ആളുകൾ തടിച്ചുകൂടി. എട്ട് അടി താഴ്ചയുള്ള കുഴിയിലേക്ക് കാർ താഴ്ത്തിയപ്പോൾ അത് ലോകചരിത്രത്തിൽ തന്നെ വ്യത്യസ്ത കാഴ്ചയായി മാറുകയായിരുന്നു. സംസ്കാരത്തിന്റെ പടങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.