തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധ ജയിലുകളിൽ നിന്നായി 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാതടവുകാരെയുമാണ് പരോളിൽ വിട്ടയച്ചത്. വൈറസ് സംസ്ഥാനത്ത് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പരോൾ കൂടുതൽ ഉദാരമാക്കണമെന്ന് ജയിൽ മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പരോൾ ഇനിയും ഉദാരമാക്കുമെന്നാണ് ജയിൽ വകുപ്പ് പറയുന്നത്. ഇതിനായി മൂന്ന് ശുപാർശകളാണുള്ളത്. 50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാർക്കും 60 വയസു കഴിഞ്ഞ പുരുഷ തടവുകാർക്കും പരോൾ നൽകണമെന്നും, അടിയന്തര പരോളിൽ പുറത്തിറങ്ങി പ്രശ്നങ്ങളുണ്ടാക്കാത്തവർക്കും പരോൾ നൽകണമെന്നും മൂന്നിൽ രണ്ട് കാലം ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരെയും വിട്ടയക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്. ജയിലിലെ തിരക്ക് കുറയ്ക്കാനാണ് പുതിയ നിർദ്ദേശം.