ബീജിംഗ് : കൊറോണ വൈറസിനെതിരെ പോരാടാൻ ഹോങ്കോംഗിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം നിർമിച്ച വെന്റിംഗ് മെഷീനുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് ആഡ്രിയാൻ ചെംഗ് എന്ന ശതകോടീശ്വരനായ യുവ വ്യവസായി. വെന്റിംഗ് മെഷീനുകളുടെ പ്രത്യേകത എന്താണന്നല്ലേ.. ആളുകൾക്ക് സർജിക്കൽ മാസ്‌കുകൾ ഫ്രീയായി വിതരണം ചെയ്യാനാണ് ഈ മെഷീനുകൾ സ്ഥാപിക്കാൻ പോകുന്നത്. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇത്തരത്തിൽ മാസ്‌കുകളെത്തിക്കാനാകുമെന്ന് ആഡ്രിയാൻ പറയുന്നു. റിയൽ എസ്റ്റേറ്റ്, ജുവലറി സാമ്രാജ്യങ്ങളുടെ ഉടമയായ ആഡ്രിയാൻ ആദ്യഘട്ടത്തിൽ 100 ലക്ഷം മാസ്‌കുകളാണ് വിതരണം ചെയ്യുക.
ഇവ താഴ്ന്ന വരുമാനമുള്ള കുടുംബക്കാർക്കും ദരിദ്രർക്കും വേണ്ടിയാണ്. ഇവർക്ക് മുൻകൂട്ടി തയാറാക്കിയ സ്‌മാർട്ട് കാർഡുകൾ വെന്റിംഗ് മെഷീനിൽ ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കും. ഹോങ്കോംഗിലെ 18 ജില്ലകളിലായി 35 വെന്റിംഗ് മെഷീനുകളാണ് സ്ഥാപിക്കുന്നത്. പല രാജ്യങ്ങളിലും ജനങ്ങൾ പുറത്തിറങ്ങുമ്പോൾ കർശനമായി മാസ്‌ക് ധരിക്കേണ്ടതുണ്ട്. ഹോങ്കോംഗിലും ജനങ്ങളോട് മാസ്‌കില്ലാതെ പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ ലോക്ക്ഡൗൺ സമയത്ത് മാസ്‌ക് വാങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ടെന്ന് ആഡ്രിയാൻ ഓർമപ്പെടുത്തുന്നു. ചിലരാകട്ടെ ഉപയോഗിച്ചത് തന്നെ വീണ്ടും ഉപയോഗിക്കുന്നു. തന്റെ ഈ സംരംഭം ഇത്തരക്കാർക്ക് പ്രയോജനപ്പെടുമെന്നും ഇനി മാസ്‌കില്ലെന്ന ഭയം അവർക്കുണ്ടാകില്ലെന്നും ആഡ്രിയാൻ വ്യക്തമാക്കി.
ന്യൂ വേൾഡ് ഡെവലപ്പ്മെന്റ് എന്ന റിയൽ എസ്‌റ്റേറ്റ് കമ്പനിയുടെ സി.ഇ.ഒയും എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനുമാണ് ആഡ്രിയാൻ. ചൈനീസ് കലാകാരന്മാരുടെ ചിത്രരചനകളും മറ്റ് കലാസൃഷ്‌ടികളും പരിപോഷിപ്പിക്കുന്ന ആൾ കൂടിയാണ് 40കാരനായ ആഡ്രിയാൻ. കഴിഞ്ഞ വർഷം ആഡ്രിയാൻ ഹോങ്കോംഗിൽ 'കെ11 മ്യൂസിയ ' എന്ന വമ്പൻ ഷോപ്പിംഗ് മാൾ തുറന്നിരുന്നു. വാസ്‌തുവിദ്യ, കലാസൃഷ്‌ടികൾ, എൻജിനിയറിംഗ് മികവ് തുടങ്ങിയവയുടെ അങ്ങേയറ്റം പ്രൗഢി വിളിച്ചോതുന്നതാണ് ഈ മാൾ. ഏകദേശം 20.7 ശതകോടി ഡോളറിന്റെ വാർഷിക വരുമാനമാണ് ആഡ്രിയാനും കുടുംബത്തിനുമുള്ളതെന്ന് ഫോബ്‌സ് മാസികയുടെ കണക്കുകൾ പറയുന്നു.
തിരിച്ചറിയൽ പ്രക്രിയയ്ക്ക് പ്രത്യേക ക്യൂ.ആർ കോഡ് അടങ്ങിയ കാർഡുകളോട് കൂടിയ വെന്റിംഗ് മെഷീനുകൾ ഈ മാസം അവസാനത്തോടെ പ്രാവർത്തികമാകുമെന്ന് ആഡ്രിയാന്റെ കമ്പനി അറിയിച്ചു.
നിലവിൽ ഹോങ്കോംഗിൽ കൊവിഡ് നിയന്ത്രണവിധേയമാണ്. 961 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നാല് മരണമാണ് ഹോങ്കോംഗിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.