എറണാകുളം: പരീക്ഷാ ഡ്യൂട്ടിക്ക് പോയ എട്ട് മലയാളി അദ്ധ്യാപകർ ലക്ഷദ്വീപിൽ കുടുങ്ങി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ലോക് ഡൌണിനെത്തുടർന്ന് ദ്വീപിൽ കുടുങ്ങിയത്. മരുന്ന് അടക്കമുള്ളവയ്ക്ക് ക്ഷാമമുണ്ടെന്ന് സർക്കാരിടപെടണമെന്നും കുടുങ്ങിക്കിടക്കുന്ന അധ്യാപകർ ആവശ്യപ്പെട്ടു. കൊച്ചിയിൽ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

സർക്കാർ ഗസ്റ്റ് ഹൌസിലാണ് താമസിക്കുന്നതെന്നും ഒരുമാസമായി കുടുങ്ങിക്കിടക്കുകയാണെന്നും അധ്യാപകർ പറഞ്ഞു. രാജ്യത്ത് 'അടച്ച് പൂട്ടൽ' പ്രഖ്യാപിച്ചതോടെയാണ് ഇവർ ലക്ഷ്വദ്വീപിൽ കുടുങ്ങിയത്. ഷിപ്പ് സർവീസും നിർത്തിയതോടെ തിരികെ നാട്ടിലേക്ക് എത്താൻ വഴിയില്ലാതായി. രാജ്യത്ത് കൊവിഡ് പടരുന്നതിനെത്തുടർന്ന് ലോക് ഡൌൺ നീട്ടിയേക്കുമെന്നാണ് സൂചന.