
ന്യൂഡൽഹി: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഒഡീഷ. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം വരുന്നതിന് മുമ്പ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായക് അറിയിച്ചു.
ഈ കൊവിഡ് കാലത്ത് നിങ്ങളുടെ അച്ചടക്കവും ത്യാഗങ്ങളും മഹാമാരിക്കെതിരെ പോരാടാന്‍ ശക്തി തരുന്നുവെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. അതേസമയം, രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമതീരുമാനം ശനിയാഴ്ച വരുമെന്നാണ് സൂചന. ലോക്ക് ഡൗൺ നീട്ടുന്ന കാര്യവും പരിഗണിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവനയിൽ പറഞ്ഞു.
മോദി വീഡിയോ കോൺഫറൻസിംഗ് വഴി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതനുസരിച്ചാകും അന്തിമതീരുമാനം കേന്ദ്രം സ്വീകരിക്കുക. ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിൽ പറഞ്ഞു.