pee

പാറ്റ്ന: ബീഹാറിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിൽ കഴിയവെ ഡോക്ടറുടെ പീഡനത്തിനിരയായ യുവതി മരിച്ചു. പഞ്ചാബ് സ്വദേശിനിയാണ് മരിച്ചത്. പഞ്ചാബിലെ ലുധിയാനയിൽനിന്ന് കഴിഞ്ഞ മാസം 25നാണ് യുവതിയും ഭർത്താവും ബീഹാറിലെ ഗയ ജില്ലയിൽ എത്തിയത്. രണ്ടു മാസം ഗർഭിണിയായിരുന്ന യുവതി ലുധിയാനയിൽ വച്ച് ഗർഭച്ഛിദ്രത്തിന് വിധേയയായിരുന്നു.ഗയയിലെത്തിയതോടെ യുവതിക്ക് അമിത രക്തസ്രാവമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഏപ്രിൽ 1ന് യുവതിക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതോടെ നാലിന് ഡിസ്ചാർജുചെയ്തു. വീട്ടിൽ എത്തിയ ശേഷം യുവതി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഏപ്രിൽ 6ന് വീണ്ടും അമിത രക്തസ്രാവം ഉണ്ടായ യുവതി മരിക്കുകയായിരുന്നു.തുടർന്നാണ് യുവതിയുടെ ബന്ധു പീഡനവിവരം പുറത്തുപറഞ്ഞത്.
ഐസലേഷൻ വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ യുവതിയെ തുടർച്ചയായ രണ്ടു രാത്രികളിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭർതൃമാതാവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടറെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.ആരും അറസ്റ്റിലായതായി വിവരമില്ല.