ന്യൂഡൽഹി: അമേരിക്കയിലെ മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കടുവാ സങ്കേതങ്ങൾ അടച്ചിട്ടേക്കും. മദ്ധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിൽ ഒരു കടുവ മരിച്ചതും കൊവിഡ് ബാധിച്ചാണോ എന്ന സംശയം നിലനിൽക്കേയാണ് കടുവാ സങ്കേതങ്ങൾ അടിച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ഇതിനെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡന്മാർക്ക് കർശന നിർദേശം നൽകി. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് ഉണ്ടായേക്കാവുന്ന വൈറസ് ബാധ തടയണമെന്നാണ് നിർദേശം. സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ തുടങ്ങിയവയിലെ മേധാവികൾക്കാണ് വനം മന്ത്രാലയത്തിൽ നിന്ന് നിർദേശം ലഭിച്ചിരിക്കുന്നത്.
മനുഷ്യ സാമിപ്യം കുറയ്ക്കുകയാണ് ലക്ഷ്യം. അതിനായി വന്യജീവി സങ്കേതങ്ങളിലൂടെയുള്ള ആളുകളുടെ സഞ്ചാരം തടയും. യാത്രാവഴികളും അടച്ചിടാൻ ആലോചിക്കുന്നുണ്ട്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുകയാണെങ്കിൽ വൻതോതിൽ മൃഗങ്ങൾ ചത്തൊടുങ്ങാൻ സാദ്ധ്യതയുണ്ട്. നിലവിൽ വന്യജീവി സങ്കേതങ്ങളിലേക്കുള്ള വിനോദസഞ്ചാരം നിറുത്തിവച്ചിരിക്കുകയാണ്.