fish

അറുന്നൂറു കിലോമീറ്റർ നീളുന്ന കടൽത്തീരവും അനേകം പുഴകളും കായലുകളും സമ്പന്നമായ ജലാശയങ്ങളുമുള്ള കേരളത്തിലെ ജനങ്ങളിൽ വലിയൊരു ഭാഗം മത്സ്യ പ്രിയരായതിൽ അത്ഭുതമില്ല. മീനില്ലാതെ ഒരു വറ്റ് ഇറങ്ങാത്തവർ ധാരാളമുണ്ട്. എന്തു വിലകൊടുത്താലും മീൻ വാങ്ങാൻ മടിക്കാത്തവരാണവർ. കൊവിഡ് നിയന്ത്രണങ്ങൾ മത്സ്യമേഖലയെയും വരിഞ്ഞുമുറുക്കിയതോടെ കഷ്ടത്തിലായത് മത്സ്യബന്ധനവും വിപണനവും ഉപജീവനമാർഗമാക്കിയവർ മാത്രമല്ല സംസ്ഥാനത്തെ ജനങ്ങളുമാണ്.

കഴിഞ്ഞ നാലഞ്ചു ദിവസമായി മറ്റിടങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന മീനുകൾ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധിച്ചതിൽ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണു വെളിപ്പെട്ടത്. ആറു മാസം വരെ പഴക്കമുള്ള മത്സ്യങ്ങൾ വരെ കൂട്ടത്തിലുണ്ടായിരുന്നു. രാസപദാർത്ഥങ്ങൾ ചേർത്ത് പുതുമ നിലനിർത്തി എത്തുന്ന ഇത്തരം മത്സ്യങ്ങൾ ഒരുവിധത്തിലും മനുഷ്യ ഉപയോഗത്തിനു പറ്റുന്നതല്ല. എന്നിട്ടും കൊവിഡ് മറയാക്കി ഇത്തരം കേടായ മത്സ്യങ്ങൾ ഇവിടെ വിറ്റഴിക്കുകയാണ്. മഹാദുരന്തത്തിനിടയിലും ആർത്തിയും ദുരയും മൂത്തവർ എളുപ്പം പണമുണ്ടാക്കാനായി എത്ര വലിയ ദ്രോഹമാണു ചെയ്യുന്നത്. നാലുദിവസംകൊണ്ട് നാല്പതിനായിരത്തിലധികം കിലോ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്ത് നശിപ്പിച്ചത്. മാർച്ച് 24-ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മത്സ്യബന്ധനത്തിനും പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടു മനസിലാക്കി ഒരാഴ്ചയായി ചെറുവള്ളങ്ങൾ കടലിൽ പോകുന്നതിന് സർക്കാർ അനുമതി നൽകിയതോടെയാണ് പരിമിതമായ തോതിലെങ്കിലും ഇപ്പോൾ മത്സ്യം ലഭിച്ചുതുടങ്ങിയത്. എന്നാൽ ആവശ്യവുമായി തട്ടിച്ചുനോക്കിയാൽ ഇത് തുലോം അപര്യാപ്തമാണ്. ഇതു മുതലെടുത്താണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മാസങ്ങൾക്കു മുമ്പേ പിടിച്ചു സൂക്ഷിച്ച വലിയ മീനുകളുമായി വാഹനങ്ങൾ എത്തുന്നത്. മത്സ്യബന്ധനത്തിനു പൂട്ടുവീണതോടെ സംസ്ഥാനത്തെ ഐസ് ഫാക്ടറികളും നിശ്ചലമായിരിക്കുകയാണ്. മീൻ കേടാകാതെ സൂക്ഷിക്കാൻ ഐസ് കൂടിയേ തീരൂ. നാടൻ വള്ളങ്ങളിൽ പോയി പിടിക്കുന്ന മീൻ സൂക്ഷിക്കാനും ഐസ് ആവശ്യമാണ്. അടച്ചിടപ്പെട്ട കൂട്ടത്തിൽ ഐസ് ഫാക്ടടറികളും പെട്ടുപോയതിനാൽ ഉത്‌പാദനമേ നടക്കുന്നില്ല. പുറത്തു നിന്നെത്തുന്ന മീൻലോറികളിലെ ചരക്കു അഴുകി കേടാകുന്നതിന്റെ കാരണങ്ങളിലൊന്ന് ഐസ് ലഭ്യമല്ലാത്തതാണ്. സർക്കാർ ഇപ്പോൾ ചില മേഖലകൾക്ക് ഇളവു പ്രഖ്യാപിച്ച പട്ടികയിലും ഐസ് ഉത്‌പാദനം ഉൾപ്പെട്ടുകാണുന്നില്ല. മത്സ്യമേഖലയുടെ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങളിലൊന്നായ ഐസ് ലഭ്യത ഉറപ്പാക്കാൻ നിയന്ത്രിതമായ തോതിലെങ്കിലും ഐസ് ഫാക്ടറികൾക്ക് പ്രവർത്തനാനുമതി നൽകുന്ന കാര്യം സർക്കാരിന്റെ അടിയന്തര പരിഗണനയ്ക്ക് വിഷയമാകേണ്ടതാണ്.

നിയന്ത്രണങ്ങളൊന്നുമില്ലാതിരുന്ന ഘട്ടങ്ങളിൽ പോലും മാരകമായ രാസപദാർത്ഥങ്ങൾ ചേർത്ത മത്സ്യവില്പന ഇവിടെ സജീവമായിരുന്നു. പരിശോധനകളും പിടിച്ചെടുത്ത് നശിപ്പിക്കലുമൊക്കെ നിത്യസംഭവങ്ങളുമായിരുന്നു. എന്നിരുന്നാലും മായം കലർന്ന മത്സ്യമായിരുന്നു പലർക്കും കഴിക്കേണ്ടിവന്നിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങളിൽ അങ്ങേയറ്റം ജാഗ്രതയും കരുതലും എടുക്കേണ്ട കാലമാണിത്. സംസ്ഥാനത്തെ മത്സ്യവ്യാപാരവും വിപണനവും കർക്കശമായ പരിശോധനയ്ക്കു വിധേയമാകേണ്ടതുണ്ട്. മനുഷ്യരെ നിത്യരോഗികളാക്കി മാറ്റുന്ന വിഷം കലർന്ന മത്സ്യങ്ങളുടെ വില്പന ഒരു കാരണവശാലും അനുവദിച്ചുകൂടാത്തതാണ്. പഴകിയതും

രാസമാലിന്യങ്ങൾ കലർന്നതുമായ മത്സ്യവില്പനയിലേർപ്പെടുന്നവരെ ശിക്ഷിക്കാൻ പ്രത്യേക നിയമം തന്നെ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുകയാണ്. ഇതിനായുള്ള ബില്ലിന് ഫിഷറീസ് വകുപ്പ് രൂപം നൽകിക്കഴിഞ്ഞു. ബിൽ നിയമസഭയിലെത്തുന്നതുവരെ കാത്തിരിക്കാതെ ഓർഡിനൻസായി കൊണ്ടുവന്ന് നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നേരത്തെ തന്നെ ചെയ്യേണ്ടിയിരുന്ന കാര്യമാണത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഒട്ടും ഉപേക്ഷ പാടില്ല. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ വലുതും ചെറുതുമായ എല്ലാ മത്സ്യചന്തകളും നവീകരിക്കാനുള്ള പദ്ധതിയും ആവിഷ്കരിക്കണം. ഏറ്റവും വൃത്തിഹീനമാണ് ഒട്ടുമിക്ക മത്സ്യചന്തകളും. ജനങ്ങളുടെ ആയുസിന്റെ ബലം കൊണ്ടാണ് വലിയ തോതിലുള്ള സാംക്രമിക രോഗങ്ങൾ ഇവിടങ്ങളിൽ നിന്നു പൊട്ടിപ്പുറപ്പെടാത്തത്. ലോകത്ത് ആദ്യമായി കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് നഗരമായ വുഹാനിലെ ഒരു മത്സ്യ - മാംസ ചന്തയിൽ നിന്നായിരുന്നുവെന്ന കാര്യം എല്ലാവർക്കും പാഠമാകേണ്ടതാണ്.

പല്ലും നഖവും ആവശ്യത്തിലേറെയുള്ളതാണ് രാജ്യത്തു നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയമമെങ്കിലും സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ തന്നെയാണ് ആളുകളുടെ വയറ്റിലെത്തുന്നതെന്നതിന് ഇപ്പോഴും ഉറപ്പൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പുറത്തുവരുന്ന പഠന റിപ്പോർട്ടുകൾ അത്യധികം പേടിപ്പെടുത്തുന്നതാണ്. ഏറ്റവും ശുദ്ധമെന്നു കരുതുന്ന ഇളനീരിൽ പോലും മായം കലരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മറ്റു ഭക്ഷ്യവസ്തുക്കളുടെ കാര്യം ഊഹിക്കാമല്ലോ.

കൊവിഡ് ഭീതിയിൽ ഞെട്ടി വിറച്ചു നിൽക്കുന്നതിനിടയിലും വിഷമടങ്ങിയ മീൻ വില്പനയിലൂടെ ലാഭം കൊയ്യാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമം തടയുക തന്നെ വേണം. അതോടൊപ്പം തന്നെ പിടികൂടുന്ന മത്സ്യങ്ങൾ യഥാർത്ഥത്തിൽ കേടുപറ്റിയവയാണോ എന്നു പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമേ നശിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിർദ്ദേശവും പരിഗണിക്കണം. ഉദ്യോഗസ്ഥന്മാരുടെ കടമയാണത്. ഉപഭോക്താക്കളെന്ന നിലയ്ക്ക് ജനങ്ങളും ഈ വക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിച്ചാൽ കെട്ട മീനുകളുടെ വില്പന നല്ലതോതിൽ നിരുത്സാഹപ്പെടുത്താനാകും. പകർച്ച വ്യാധികളുടെ കാലത്ത് പരിപൂർണ വിശ്വാസമുണ്ടെങ്കിൽ മാത്രമേ മത്സ്യ‌മാംസാദികൾ വാങ്ങി ഉപയോഗിക്കൂ എന്നു ജനങ്ങൾ ദൃഢനിശ്ചയമെടുക്കണം. കെട്ട മീനുകളുമായി വന്ന് പറ്റിക്കാൻ അപ്പോൾ ദുരമൂത്ത വില്പനക്കാരും തയാറാവില്ല.