ബീജിംഗ്: വളരെ ജാഗ്രതയോടെ രാജ്യം വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങാൻ തുടങ്ങിക്കഴിഞ്ഞെങ്കിലും റഷ്യൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ചൈനീസ് നഗരം കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടിയതിനാൽ ഇപ്പോഴും ലോക്ക്ഡൗണിൽ തുടരുകയാണ്. ബീജിംഗിൽ നിന്നും 1,000 മൈൽ അകലെയുള്ള സ്വെയ്‌ഫൻ നഗരത്തിലെ ജനങ്ങൾക്കാണ് വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശമുള്ളത്. ഇവിടേക്കുള്ള അതിർത്തികളെല്ലാം അടച്ചു. ചരക്കുനീക്കവും നിലച്ചിരിക്കുകയാണ്. എന്നാൽ 600 കിടക്കകളുള്ള ഒരു ഐസൊലേഷൻ ആശുപത്രി ഇവിടെ പണിതുകൊണ്ടിരിക്കുകയാണ്. സ്വെയ്‌ഫൻ മാത്രം അടച്ചുപൂട്ടിയിരിക്കുന്നതിൽ ചിലർ ആശങ്കകൾ അറിയിക്കുന്നുണ്ടെങ്കിലും ചൈനീസ് സർക്കാർ എല്ലാം പഴയസ്ഥിതിയിലെത്തിക്കുമെന്ന് ആശ്വാസം പ്രകടിപ്പിക്കുന്നവരുമുണ്ട്.
ചൈനയിൽ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 25 പേർ സ്വെയ്‌ഫൻ വഴിയാണ് രാജ്യത്തിനകത്തേക്ക് പ്രവേശിച്ചത്. ഇതോടെയാണ് ചൈനയുടെ വടക്കു കിഴക്കൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന വിദൂരപ്രദേശമായ സ്വെയ്‌ഫൻ കൊറോണ ഹോട്ട്സ്പോട്ടാകാൻ കാരണം. സ്വെയ്‌ഫനിലൂടെ എത്തിയ കൊറോണ ബാധിതരെല്ലാം മോസ്കോയിൽ നിന്നും വ്ലാഡിവോസ്‌റ്റോകിലേക്കും അവിടെ നിന്ന് ചൈനയിലേക്ക് തിരിച്ചെത്തിയവരുമാണ്. ചൈനയുടെ തെക്ക് ഭാഗത്ത് നിന്നും 100 മൈൽ അകലെയാണ് വ്ലാഡിവോസ്‌റ്റോക്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. സ്വെയ്‌ഫനിൽ മറ്റ് 86 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവരിൽ രോഗലക്ഷണങ്ങളില്ലായിരുന്നു.
റഷ്യയിൽ നിന്നും സ്വെയ്‌ഫനിലേക്കുള്ള അതിർത്തികളെല്ലാം ചൈന അടച്ചു. അവശ്യവസ്‌തുക്കളുമായുള്ള കാർഗോ വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. റഷ്യ ചൈനയുമായുള്ള അതിർത്തികളെല്ലാം ഫെബ്രുവരിയിൽ തന്നെ അടച്ചിരുന്നു. നിലവിൽ സ്വെയ്‌ഫനിലുള്ളവർ വീടിന് പുറത്തിറങ്ങാൻ പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. അതേ സമയം, ഹ്യൂബെ പ്രവിശ്യയിലുണ്ടായിരുന്ന പോലുള്ള കടുകട്ടി നിയന്ത്രണങ്ങളല്ല ഇവിടെ. മൂന്ന് ദിവസം കൂടുമ്പോൾ വീട്ടിലെ ഒരാൾക്ക് അവശ്യവസ്‌തുക്കൾ വാങ്ങാൻ പുറത്തേക്കിറങ്ങാം. ഒരു പുതിയ കൊവിഡ് ആശുപത്രിയുടെ നിർമാണം ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ആഴ്‌ച അവസാനത്തോടെ ആശുപത്രി തുറക്കും. സ്വെയ്‌ഫനിൽ കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവരെ ഇവിടെ പ്രവേശിപ്പിക്കും.
ചൈനയിൽ കഴിഞ്ഞ ആഴ്‌ചകളായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ചൊവ്വാഴ്‌ച ചൈനയിൽ ഒറ്റ കൊവിഡ് കേസ് പോലും രേഖപ്പെടുത്തിയിരുന്നില്ല. ജനുവരി മുതൽ ആദ്യമായാണ് ഒരൊറ്റ കേസ് പോലുമില്ലാത്ത ഒരു ദിവസം ചൈനയിലുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 61 പേർ വിദേശത്ത് നിന്നും വന്നവരാണ്. രണ്ട് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡിന്റെ വ്യാപ്‌തി കുറയുന്നതിനാൽ ചൈനയിലെ നിയന്ത്രണങ്ങളിലെല്ലാം അയവ് വരുത്തിയിരിക്കുകയാണ്.
76 ദിവസങ്ങളായി അടഞ്ഞുകിടന്ന കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാൻ നഗരം ഇന്നലെ തുറന്നിരുന്നു. വൈറസ് നിയന്ത്രണാവിധേയമായതോടെയാണ് ലോക്ക്ഡൗൺ അവസാനിപ്പിച്ചത്. വുഹാനിലെ വിമാന സർവീസുകളും ഇന്നലെ പുനരാരംഭിച്ചിരുന്നു.