private-schools

ചണ്ഡിഗഡ്: ലോക്ക്ഡൗണിനിടെ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടതിന് പഞ്ചാബിൽ 15 സ്വകാര്യ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ലോക്ക് ഡൗൺ കഴിയുന്നതുവരെ വിദ്യാർത്ഥികളിൽനിന്ന് ഫീസും പുസ്തകത്തിനുള്ള തുകയും ഈടാക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. സർക്കാറിന്റെ നിർദേശം പാലിക്കാത്ത 38 സ്വകാര്യ സ്കുളുകൾക്കെതിരെ നോട്ടീസ് അയച്ചിരുന്നു.


നോട്ടീസിന് മറുപടി നൽകാൻ ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ സ്കൂളുകളുടെ എൻ.ഒ.സി പിൻവലിക്കാനാണ് സർക്കാരിന്റെ തീരുമാനം. സ്വകാര്യ സ്കൂളുകൾ അടുത്ത അദ്ധ്യയനവർഷത്തെ പ്രവേശനം പുനക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവ് നൽകിയിരുന്നു. സംസ്ഥാനത്തെ സാഹചര്യം സാധാരണ നിലയിലായതിന് ശേഷം 30 ദിവസം കഴിഞ്ഞ് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളുവെന്നും ഫൈൻ ഈടാക്കരുതെന്നും ഉത്തരവിൽ പ്രത്യേകം പറഞ്ഞിരുന്നു.