കടയ്ക്കാവൂർ: കൊവിഡുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ വിശപ്പകറ്റി കുടുംബശ്രീ പ്രവർത്തകർ. അഞ്ചുതെങ്ങ് പഞ്ചായത്ത് ആറാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരാണ് രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന പൊലീസുകാർക്ക് സഹായവുമായി എത്തിയത്. ഓറഞ്ച്, ആപ്പിൾ, മാതളം, തണ്ണിമത്തൻ, പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ അടങ്ങുന്ന കിറ്റുകൾ കുടുംബശ്രീ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി. പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്രയുടെ സാന്നിധ്യത്തിൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എൽ. ഗീതാകുമാരി കിറ്റുകൾ അഞ്ചുതെങ്ങ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി. ചന്ദ്രദാസിനു കൈമാറി.