kadakam

തിരുവനന്തപുരം: സാമൂഹ്യ വ്യാപനം സംശയിച്ചിരുന്ന തിരുവനന്തപുരത്തെ പോത്തൻകോട്ട് ആശങ്കയൊഴിഞ്ഞുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. പരിശോധിച്ച എല്ലാ ആളുകളുടേയും ഫലം നെഗറ്റീവായിരുന്നെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് പോത്തൻകോട് മഞ്ഞമല സ്വദേശി അബ്ദുൾ അസീസ് മരിച്ചതോടെയാണ് ആ മേഖലയാകെ ആശങ്കയിലായത്. അബ്ദുൾ അസീസിൽ നിന്ന് നിരവധിപേർക്ക് രോഗം പകർന്നുവെന്ന് സംശയമുയർന്നിരുന്നു. ഇയാൾക്ക് എവിടെനിന്നാണ് രോഗംബാധിച്ചതെന്നും വ്യക്തമായിരുന്നില്ല. വിവാഹത്തിനും മരണാനന്തര കർമ്മങ്ങൾക്കും ചിട്ടിലേലത്തിനുമെല്ലാം ഇദ്ദേഹം പോയത് ആശങ്ക വർദ്ദിപ്പിച്ചു. അസീസിന്റെ കുടുംബാംഗങ്ങൾക്ക് രോഗമില്ലെന്ന് ആദ്യമേ കണ്ടെത്തിയിരുന്നു. 215 പേരുടെ സാമ്പിളുകളാണ് ഇവിടെനിന്ന് പരിശോധിച്ചത്. കിട്ടാനുണ്ടായിരുന്ന 61 ഫലം കൂടി നെഗറ്റീവ് ആണെന്ന് തെളിഞ്ഞതോടെയാണ് പോത്തൻകോട് പൂർണ്ണ ആശ്വാസമായത്. സാമൂഹ്യവ്യാപനം സംശയിച്ച് മേഖലിൽ കർശന നിയന്ത്രമാണ് ഏർപ്പെടുത്തിയിരുന്നത്.