തിരുവനന്തപുരം: തീരദേശനിയമം ലംഘിച്ചതിന് സുപ്രീംകോടതി നിർദ്ദേശപ്രകാരം പൊളിച്ചുനീക്കിയ മരട് മുനിസിപ്പാലിറ്റിക്കകത്തെ ഫ്ലാറ്റുകളുടെ ഉടമസ്ഥരായിരുന്നവർക്ക് നഷ്ടപരിഹാരം നിർദ്ദേശിക്കുന്നതിനായി രൂപീകരിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്കുകൂടി സംസ്ഥാനസർക്കാർ നീട്ടിനൽകി.
അഞ്ച് മാസമായിരുന്നു കാലാവധി. ആറ് മാസത്തേക്കുകൂടി നീട്ടണമെന്ന് കമ്മിറ്റി ചെയർമാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം കാലാവധി നീട്ടി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച പരിസ്ഥിതി വകുപ്പിന്റെ ഉത്തരവിറങ്ങി.
ഫ്ലാറ്റുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 10 ഫ്ലാറ്റുടമകൾക്കുകൂടി അതിനിടെ, കമ്മിറ്റിയുടെ ശുപാർശ പ്രകാരം നഷ്ടപരിഹാരം നൽകിക്കൊണ്ട് ധനവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവായി. 2,34,79,200 രൂപയാണ് അനുവദിച്ചത്. ഇതിനകം 59.57 കോടി രൂപ വിവിധ ഉടമകൾക്കായി അനുവദിച്ചിട്ടുണ്ട്. അനുവദിച്ച തുക നൽകുന്നതിന് ട്രഷറി നിയന്ത്രണങ്ങൾ ബാധകമാകില്ല.